രമേശ് ചെന്നിത്തല എഐസിസി ജനറല്‍ സെക്രട്ടറിയാകും

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ചെന്നിത്തലയ്ക്ക് പഞ്ചാബിന്റെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. രണ്ടാം പിണറായി സര്‍ക്കാരിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ശ്രമിച്ചിരുന്നു. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതില്‍ അസ്വാരസ്യത്തിലായിരുന്നു.

നവജ്യോത് സിംഗ് സിന്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് നിലവിലുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം നവ്‌ജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡ് ഒരുങ്ങവേ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തില്‍ നിന്ന് വേണ്ടെന്ന് അമരീന്ദര്‍ സിംഗ് പറയുന്നു.

താനും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്. ഇത് സമുദായ സമവാക്യങ്ങളെ തകിടം മറിക്കുമെന്നും അമരീന്ദര്‍ സിംഗ് പറയുന്നു. ഒരു സമവായ ഫോര്‍മുലയിലെത്തിയെന്ന ആശ്വാസത്തിലിരുന്ന ഹൈക്കമാന്‍ഡിനോട് അമരീന്ദര്‍ സിംഗ് എതിര്‍പ്പറിയിച്ചതോടെ പാര്‍ട്ടി നേതൃത്വം വീണ്ടും ആശയക്കുഴപ്പത്തിലായിട്ടുണ്ട്.

Top