യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടല്‍; താഹ ഫസലിന്റെ വീട് സന്ദര്‍ശിച്ച് ചെന്നിത്തല

ramesh chennithala

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി.രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടില്‍ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു.എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദര്‍ശനം.

യുഎപിഎ കേസ് നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. അമിത് ഷായും പിണറായിയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. ഈ വിഷയത്തില്‍ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സിപിഎം പ്രവര്‍ത്തകരായിരുന്ന അലനെയും താഹയെയും പാര്‍ട്ടി തീര്‍ത്തും തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് വിഷയത്തില്‍ യുഡിഎഫ് ഇടപെടുന്നത്.

അതേസമയം ഇന്നലെ ഇരുവരുടേയും വീടുകള്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ മുന്നണി തലത്തില്‍ ഇടപെടുമെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ പറഞ്ഞു. കേസില്‍ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താന്‍ കാരണമെന്താണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എംകെ മുനീര്‍ ആവശ്യപ്പെട്ടിരുന്നു.

Top