ഐശ്വര്യയാത്ര വന്നു പോയപ്പോൾ… യു.ഡി.എഫിന് പുതിയ വെല്ലുവിളി ! !

മേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര, എറണാകുളം ജില്ലയിലെ പര്യടനം പൂര്‍ത്തിയായപ്പോള്‍, രണ്ടു കാര്യങ്ങളാണ് ആ ജില്ലയില്‍ സംഭവിച്ചിരിക്കുന്നത്. അതില്‍ ഒന്ന്, ട്വന്റി ട്വന്റിയുടെ പ്രഖ്യാപനമാണ്. രണ്ടാമത്തേത്, സംഘ പരിവാറുകാരനായ മേജര്‍ രവിയുടെ കോണ്‍ഗ്രസ്സ് പ്രവേശനമാണ്. രണ്ടും, യു.ഡി.എഫിനെ സംബന്ധിച്ച്, പ്രതികൂല ഘടകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മേജര്‍ രവിയുടെ മുന്‍കാല വിവാദ പ്രസ്താവനകള്‍, കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്നതാണ്. വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ, കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെ കുഴപ്പമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെയാണ്. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജു കൂടിയായ, അനൂപ് വി.ആറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തിരിഞ്ഞു കുത്തുന്നത്, ചെന്നിത്തലക്കും സംഘത്തിനും നേരെയാണ്. എന്തിനാണ് മേജര്‍ രവിയെ പോലുള്ള ഒരാളെ വേദിയിലേക്ക് വിളിച്ചു വരുത്തി ക്ഷണിച്ചതെന്ന ചോദ്യം മുസ്ലീം ലീഗ് പ്രവര്‍ത്തകരും ഉയര്‍ത്തിക്കഴിഞ്ഞു.

കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗമാകട്ടെ ഇതിന്റെ മുഴുവന്‍ ‘പാപഭാരവും’ ചെന്നിത്തലയുടെ മേല്‍ തന്നെയാണിപ്പോള്‍, കെട്ടിവച്ചിരിക്കുന്നത്. രണ്ടാമത്തെ സംഭവം ട്വന്റി ട്വന്റിയുടെ പ്രഖ്യാപനമാണ്. എറണാകുളം ജില്ലയിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ട്വന്റി ട്വന്റി തീരുമാനമെടുത്തത് ചെന്നിത്തലയുടെ യാത്ര ജില്ല വിടും മുന്‍പാണ്. വി ഫോര്‍ കൊച്ചിയും നഗരത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തിലാണ്. അവര്‍ അതു നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ്സ് പതനം പൂര്‍ത്തിയാക്കുന്നതില്‍, വി.ഫോര്‍ കൊച്ചിക്കും ചെറിയ ഒരു പങ്കുണ്ട്. ഈ രണ്ട് അരാഷ്ട്രീയ സംഘടനകളും, യു.ഡി.എഫിനാണ് നിലവില്‍, ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലെ മുന്നേറ്റമാണ്, കിഴക്കമ്പലത്തിന് പുറത്തേക്ക് ഇറങ്ങാന്‍ ട്വന്റി ട്വന്റിയെ പ്രേരിപ്പിച്ചിരിക്കുന്നത്. പെട്ടന്ന് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ട്വന്റി20 പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലെ പ്രതികരണവും, വിജയസാധ്യതയും തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഘടകമാകുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍, എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളില്‍ കൈവരിച്ച മികച്ച വിജയമാണ് ട്വന്റി ട്വന്റിക്ക് ആത്മവിശ്വാസം നല്‍കുന്നത്. കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണം നില നിര്‍ത്തിയതിന് പുറമേ, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകള്‍ പിടിക്കുകയും, വെങ്ങോലയില്‍, പ്രബല സാന്നിദ്ധ്യമായി മാറുന്നതിനും, ഈ അരാഷ്ട്രീയ കൂട്ടത്തിനു കഴിഞ്ഞിട്ടുണ്ട്. മുന്‍ ജഡ്ജിമാര്‍ മുതല്‍, വിരമിച്ച സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ വരെ, ട്വന്റി ട്വന്റിയുടെ പരിഗണനാ ലിസ്റ്റിലുണ്ട്. അതേസമയം, താന്‍ മത്സരിക്കില്ലെന്നാണ്, ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബുജേക്കബ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കിയിരിക്കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റി ആയി പ്രവര്‍ത്തനം തുടങ്ങിയ ട്വന്റി 20, പിന്നീടാണ് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യ ദിവസം തന്നെ പാര്‍ട്ടിയില്‍ അംഗത്വം എടുത്തിരിക്കുന്നത് ഒരു ലക്ഷം പേരാണെന്നാണ്, സാബു ജേക്കബ് അവകാശപ്പെടുന്നത്. എറണാകുളം ജില്ലയില്‍ 14 നിയമസഭാ സീറ്റുകളാണ് നിലവിലുള്ളത്. ഇതില്‍ ഭൂരിപക്ഷവും യു.ഡി.എഫിന്റെ കൈവശം തന്നെയാണുള്ളത്. ട്വന്റിട്വന്റി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍, ഏറ്റവും അധികം ഭീഷണിയാകുന്നതും, അതുകൊണ്ടു തന്നെ യുഡിഎഫിനും കോണ്‍ഗ്രസിനുമാണ്.

പ്രതിപക്ഷ ചേരിയിലെ വോട്ടുകളാണ് ഭിന്നിക്കപ്പെടാന്‍ പോകുന്നത്. അനൂപ് ജേക്കബിന്റെ പിറവവും ഇബ്രാഹീം കുഞ്ഞിന്റെ കളമശ്ശേരിയും ഉള്‍പ്പെടെ ഒമ്പതു സീറ്റുകളാണ് ജില്ലയില്‍ യുഡിഎഫിനുള്ളത്. ഇടതുപക്ഷത്തിന് അഞ്ചു സീറ്റുകളാണ് കൈവശമുള്ളത്. ഈ അഞ്ചു സീറ്റുകള്‍ നിലനിര്‍ത്തി, യു.ഡി.എഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതാണ് സി.പി.എം തന്ത്രം. ഇതിനു ട്വന്റി ട്വന്റി , വിഫോര്‍ കൊച്ചി, എന്നീ പാര്‍ട്ടികളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ചുവപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഈ അരാഷട്രീയ കൂട്ടവുമായി ഒരു സന്ധിയുമില്ലെന്നും, തുടര്‍ന്നും ശക്തമായി തന്നെ എതിര്‍ക്കുമെന്ന നിലപാടും, സി.പി.എം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ട്വന്റി ട്വന്റിയുടെയും വി. ഫോര്‍ കൊച്ചിയുടെയും പിറവിക്ക് കാരണം തന്നെ, കോണ്‍ഗ്രസ്സാണെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്സിന്റെ കൈവശമുള്ള കുന്നത്ത്‌നാട് നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍, ട്വന്റി ട്വന്റി നിര്‍ണ്ണായക ശക്തിയാണ്. കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളാണിത്.

ട്വന്റി ട്വന്റിയുടെ മറ്റൊരു സ്വാധീന പഞ്ചായത്തായ വെങ്ങോല വരുന്നത്, പെരുമ്പാവൂര്‍ മണ്ഡലത്തിലാണ്. മുഴുവന്‍ സീറ്റിലും ജയിച്ചാണ് ഐക്കരനാട് പഞ്ചായത്ത് ട്വന്റി ട്വന്റി പിടിച്ചിരുന്നത്. എറണാകുളം ജില്ലാ പഞ്ചായത്തില്‍, കോലഞ്ചേരി ഡിവിഷനില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനായതും ട്വന്റി ട്വന്റിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍, നിയമസഭ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാന്‍ കഴിയുമെന്നാണ് ട്വന്റി ട്വന്റി പ്രതീക്ഷിക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തില്‍, ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ട്വന്റി ട്വന്റിക്ക് കഴിയുമെങ്കിലും ജില്ലയില്‍ മൊത്തത്തിലെടുത്താല്‍ അത്, ഇടതുപക്ഷത്തിന് ഗുണം ചെയ്യാനാണ് സാധ്യത. ഭരണം പിടിക്കുക എന്ന യു.ഡി.എഫ് സ്വപ്നത്തിനാണ് അതോടെ പ്രഹരമേല്‍ക്കുക.

എറണാകുളം ജില്ല കൈവിട്ടാല്‍ യു.ഡി.എഫിന്റെ സകല കണക്കുകൂട്ടലുകളുമാണ് തെറ്റുക. കോതമംഗലം, മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട്, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, തൃക്കാക്കര, എറണാകുളം, തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. പുതിയ സാഹചര്യത്തില്‍, 14 മണ്ഡലങ്ങളില്‍ ഇത്തവണ 12 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ചെന്നിത്തലയുടെ യാത്ര എറണാകുളം ജില്ല വിട്ടതോടെ, ഇടതിന്റെ ആത്മവിശ്വാസവും, വലിയ രൂപത്തില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

Top