പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നില്ലെന്ന കെ മുരളീധരന്റെ വിമര്‍ശനത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല

പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നില്ലെന്ന കെ മുരളീധരന്റെ വിമര്‍ശനത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ ചര്‍ച്ച വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കാണ്. വടകരയിലെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. തരൂരിന് മാത്രമല്ല എല്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കും തരംഗമുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

സംസ്ഥാനത്തെ പിണറായി സര്‍ക്കാരിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇടതുപക്ഷ ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്ക് അതിശക്തമായ പ്രതിഷേധമാണുള്ളത്. സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നു. ഇത് കോണ്‍ഗ്രസിന് അനുകൂലമായി വരും. പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കെല്ലാം തരംഗമുണ്ട്. രാഹുല്‍ ഗാന്ധി മുതലുള്ളവര്‍ക്ക് അനുകൂലമായ തരംഗം നിലനില്‍ക്കുന്നുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം വിലയിരുത്തി കൊണ്ടാകും ജനങ്ങള്‍ വോട്ട് ചെയ്യുക. രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ ചിന്തയാണ് കാണാന്‍ കഴിയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പൊതുതെരഞ്ഞെടുപ്പില്‍ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദിയും അമിത് ഷായും അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേരളത്തില്‍ എത്താറുണ്ട്. വോട്ടു പിടിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇരുവരുടെയും സന്ദര്‍ശനം കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല. ബിജെപി ഒരു സീറ്റിലും ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top