വാളയാർ കേസിലെ ഈ യാഥാർത്ഥ്യം രമേശ് ചെന്നിത്തലയും അറിയണം

മേശ് ചെന്നിത്തലയ്ക്ക് ഹാഥ്‌റസും വാളയാറും ഒരുപോലെയാണ്. രണ്ടും ഭരണകൂട ഭീകരതയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്നതാണ് അദ്ദേഹത്തിന്റെ ശപഥം. ഇക്കാര്യം ആദ്യം ചെന്നിത്തല ബോധ്യപ്പെടുത്തേണ്ടത് സ്വന്തം എം.എല്‍.എയെയാണ്. പൂങ്കുഴലി എന്ന ഐ.പി.എസുകാരിയെ മാറ്റി പകരം അന്വേഷണ ചുമതല ഡി.വൈ.എസ്.പി സോജന് കൈമാറിയപ്പോള്‍ അതിനെ ആദ്യം അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് അനില്‍ അക്കരെ എം.എല്‍.എയാണ്. അദ്ദേഹത്തിന് ഈ ഉദ്യാഗസ്ഥന്‍ ടി.പി.കേസിലെ പ്രതികളെ പിടിച്ച നല്ല ഉദ്യോഗസ്ഥനാണ്. കേരള പൊലീസിലെ ഏറ്റവും മിടുക്കനുമാണ്. പൊതു സമൂഹത്തോട് അനില്‍ അക്കരെ പരസ്യമായി പറഞ്ഞ വാക്കുകളാണിത്.

ഈ ഉദ്യോഗസ്ഥന്‍ മോശക്കാരനാണോ എന്ന് ആദ്യം ഇനി തുറന്ന് പറയേണ്ടത് അനില്‍ അക്കരെയാണ്. അദ്ദേഹത്തെ ആദ്യം അത് ബോധ്യപ്പെടുത്തിയിട്ടാകണം ചെന്നിത്തല ഹാഥ്‌റാസിനോട് താരതമ്യപ്പെടുത്തേണ്ടത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ കോടതിക്ക് മീതെ എന്ത് നിലപാട് സ്വീകരിക്കാനാണ് ഒരു സര്‍ക്കാറിന് കഴിയുക ? ഈ ചോദ്യത്തിനുള്ള മറുപടി കൂടി ചെന്നിത്തല നല്‍കണം. വാളയാര്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്താണെന്ന് മനസ്സിലാക്കി വേണം പ്രതിപക്ഷ നേതാവ് പ്രതികരിക്കാന്‍.

ഇവിടെ രണ്ട് സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തരായ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് അത്യപൂര്‍വമായിരുന്നു. ഇതാകട്ടെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയെത്തുടര്‍ന്നുമാണ്. ചെന്നിത്തല ഈ യാഥാര്‍ത്ഥ്യമാണ് മറച്ച് പിടിക്കുന്നത്. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനം വന്നാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയിലാണ് പ്രതികളുടെ അറസ്റ്റിന് കോടതി ഉത്തരവിട്ടിരുന്നത്.

കീഴ്ക്കോടതി വെറുതേ വിട്ടവര്‍ തുടരന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയിരുന്നത്. ഇത് ഹാഥ്‌റസ് ആകാത്തത് കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നത് ചെന്നിത്തല ഓര്‍ക്കണം. പ്രതികള്‍ സൈ്വര്യ വിഹാരം നടത്തുന്നതായും വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് ഇവരെ അറസ്റ്റ് ചെയ്യാനും ആവശ്യമെങ്കില്‍ ജാമ്യം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നത്. പാമ്പാംപള്ളം കല്ലങ്കാട് സ്വദേശികളായ മധു, കുട്ടി മധു ,ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, ആലപ്പുഴ സ്വദേശി പ്രദീപ്കുമാര്‍ എന്നിവരാണ്കേസിലെ പ്രതികള്‍. പ്രതികളെ വെറുതേ വിട്ടതിനെതിരെ സര്‍ക്കാരും കുട്ടികളുടെ അമ്മയും നിലവില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര അനാസ്ഥയാണ് പ്രതി ചേര്‍ക്കപ്പെട്ടവര്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരിക്കുന്നത്. കോടതി ചൂണ്ടിക്കാട്ടിയിട്ടും വിചാരണവേളയില്‍ പിഴവുകള്‍ തിരുത്താന്‍ പ്രോസിക്യൂഷന്‍ തയ്യാറായിട്ടില്ല. മതിയായ തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന കേസില്‍ വിചാരണയ്ക്ക് മുമ്പു തന്നെ പുനരന്വേഷണത്തിന് ആവശ്യപ്പെടാമായിരുന്നെങ്കിലും പ്രോസിക്യൂഷന്‍ അതും ചെയ്തില്ല. അന്വേഷണ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതുമില്ല. പൊലീസ് സഹായം നല്‍കാമെന്ന നിര്‍ദേശവും തള്ളികളയുകയാണുണ്ടായത്.

പൊലീസ് നിര്‍ദേശിച്ച ഇരുപത്തിയഞ്ചോളം സാക്ഷികളെയും പ്രോസിക്യൂഷന്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പ്രതികളുടെ ജാമ്യാപേക്ഷയെയും പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. സംഭവസ്ഥലം സന്ദശിക്കുകയോ സാക്ഷികളെ നേരില്‍ക്കാണുകയോ കേസ് പഠിക്കുകയോ ഉണ്ടായിട്ടുമില്ല. കുട്ടികളുടെ മാതാപിതാക്കളെ പോലും പ്രോസിക്യൂഷന്‍ നേരില്‍ക്കണ്ടിട്ടില്ല. പോക്സോ കേസായിട്ടും പ്രോസിക്യൂട്ടര്‍ നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് കോടതിക്ക് തന്നെ പിന്നീട് പറയേണ്ടി വന്നിരുന്നു. ഏത് കേസിലാണെങ്കിലും ഇത്തരം പോസിക്യൂട്ടര്‍മാര്‍ ഉണ്ടായാല്‍ ഫലവും തിരിച്ചടിയാകും.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കേസ് ആദ്യം അന്വേഷിച്ച എസ്ഐക്കെതിരെ നടപടിയെടുത്തത് സംസ്ഥാന സര്‍ക്കാരാണ്. ജുഡീഷ്യല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രോസിക്യൂട്ടറെയും മാറ്റുകയുണ്ടായി. കുടുംബത്തിന് ആശ്വാസമായി നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇനി ഈ കേസില്‍ തുടന്വേഷണത്തിന് ഉത്തരവിടേണ്ടത് ഹൈക്കോടതിയാണ്. അതിനായാണ് സര്‍ക്കാര്‍ കാത്ത് നില്‍ക്കുന്നത്. വിചാരണ പൂര്‍ത്തിയായി വിധി പറഞ്ഞ കേസില്‍ കോടതി കനിഞ്ഞാല്‍ മാത്രമേ തുടരന്വേഷണം സാധ്യമാകുകയുള്ളൂ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി നേതൃത്വവും നിയമപരമായ ഈ പരിമിതിയാണ് മനസ്സിലാക്കേണ്ടത്.

Top