ramesh chennithala sent letter to seetharam yechuri

തിരുവനന്തപുരം : മന്ത്രിസഭയില്‍ നിന്നും എംഎം മണിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.

അഞ്ചേരി ബേബി വധക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് എം എം മണി നല്‍കിയ ഹര്‍ജി തൊടുപുഴ കോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല കത്ത് നല്‍കിയത്. മണിയെ നീക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

കൊലക്കേസ് പ്രതി മന്ത്രിയായി തുടരുന്നത് അതീവ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. യെച്ചൂരി ഉള്‍പ്പെടെയുള്ള സിപിഐഎം ദേശീയ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ സ്വീകരിക്കാറുള്ള നിലപാടിന് എതിരാണ്. മന്ത്രിയായിരിക്കെ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ ഏക മന്ത്രിയാണ് എം.എം മണിയെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

മന്ത്രിസഭയില്‍ മണി തുടരുന്നത് ധാര്‍മികതയല്ല എന്നു ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയ്ക്ക് കത്തുനല്‍കിയ കാര്യവും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ രാഷ്ട്രീയമൂല്യം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ നടപടി എടുക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

മണി മന്ത്രിയായിരിക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന അഭിപ്രായത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. മണി എംഎല്‍എയും മന്ത്രിയുമാകുന്നതിന് മുമ്പേ കേസുണ്ടായിരുന്നു എന്നാണ് കോടിയേരി പറഞ്ഞത്.

Top