സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം ; യച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും കേരളത്തിലെ സിപിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സിപിഎം അഖിലേന്ത്യ നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കത്തയച്ചു. സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണം, സ്വജനപക്ഷപാതം, ക്രിമിനല്‍ വത്കരണം എന്നീ ആരോപണങ്ങള്‍ എടുത്തുപറഞ്ഞാണ് ചെന്നിത്തല യെച്ചൂരിക്ക് കത്തയച്ചിരിക്കുന്നത്.

പ്രത്യയശാസ്ത്രപരമായി സിപിഎം ഉയര്‍ത്തുപിടിക്കുന്ന എല്ലാ ആശയങ്ങളേയും കാറ്റില്‍പറത്തിയാണ് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം. സ്വന്തം ഓഫീസ് അഴിമതിക്കാര്‍ക്കും സ്വര്‍ണക്കടത്തിനും മറ്റു ഇടപാടുകള്‍ക്കും തുറന്നിട്ടു കൊടുത്ത പിണറായി വിജയനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടു മുഖ്യമന്ത്രിയുടെ ഓഫിസ് എടുത്ത നിയമവിരുദ്ധവും ഏകാധിപത്യപരവുമായ തീരുമാനങ്ങളുടെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ പ്രഖ്യാപിതമായ നയപരിപാടികളില്‍നിന്നുള്ള നഗ്‌നമായ വ്യതിചലനമാണ് ഇവയില്‍ കാണുന്നത്. പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവെന്ന നിലയില്‍ ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തെക്കുറിച്ച് സീതാറാം യെച്ചൂരി വിശദീകരിക്കണമെന്നും ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ മുഖ്യമന്ത്രിക്കെതിരെ നടപടി കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Top