ആഡംബര കാരവനില്‍ നടത്തുന്ന യാത്ര സംസ്ഥാന സര്‍ക്കാരിന് തന്നെ ബൂമറാങ്ങ് ആകും: രമേശ് ചെന്നിത്തല

കൊച്ചി: നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനില്‍ നടത്തുന്ന യാത്ര സംസ്ഥാന സര്‍ക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോള്‍ കോടികള്‍ മുടക്കി ആഡംബര യാത്ര നടത്താനാവൂ. കോടികള്‍ മുടക്കി ഹെലികോപ്റ്ററില്‍ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാന്‍ ആഡംബര ബെന്‍സ് കാരവനില്‍ എത്തുന്നതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സിനിമ – വ്യവസായ മേഖലയിലെ പ്രമുഖര്‍ ഉപയോഗിക്കുന്ന വാഹമാണ് ബെന്‍സ് കാരവന്‍. ബസില്‍ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ഒരു നല്ല ബസ് രൂപമാറ്റം വരുത്തിയെടുത്താല്‍ മതി. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികള്‍ ചെലവഴിച്ചുള്ള കാരവനിലെ യാത്ര.

പെന്‍ഷന്‍ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറുതിമുട്ടുമ്പോള്‍ കേരളം കാണാന്‍ സുഖവാസ യാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം.ഖജനാവില്‍ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളോട് അല്‍പ്പമെങ്കിലും പ്രതിബന്ധത ഉണ്ടെങ്കില്‍ കോടികള്‍ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്ന് വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top