‘ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി ‘; രമേശ് ചെന്നിത്തല

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി വിജയനാണെന്ന്  രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫോണ്‍ കോള്‍ വിവരങ്ങള്‍ പൂര്‍ണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം. സര്‍വീസ് പ്രൊവൈഡര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങള്‍ കിട്ടിയിരുന്നില്ല. താന്‍ ആഭ്യന്തരമന്ത്രിയായ ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നു.ഫോണ്‍ കോള്‍ വിവരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ പല ഉന്നതരും ടി പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനയില്‍ ഉള്‍പ്പെടുമായിരുന്നു.

സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള കെ.കെ രമയുടെ നിലപാടിന് യുഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. രണ്ട് പാര്‍ട്ടി നേതാക്കള കൂടി കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് തന്നെ സിപിഎം പങ്കിന് തെളിവാണ്. ഭരണത്തിലുള്ളത് കൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ പ്രതിഷേധിക്കുന്നവരുടെ പേരില്‍ കേസ് എടുക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണം. നവകേരള സദസ് പരാജയമെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി. മുഖ്യമന്ത്രി എന്തുകൊണ്ട് വയനാട്ടില്‍ പോകുന്നില്ലയെന്നും ചെന്നിത്തല ചോദിച്ചു. വയനാട്ടിലെ ജനങ്ങളുമായിട്ടാണ് മുഖാമുഖം നടത്തേണ്ടത്. മയക്കുവെടി കൊണ്ട രീതിയിലാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top