എയിംസ് ; കേന്ദ്ര നടപടി ജനങ്ങളോടുള്ള കടുത്ത അനീതിയും വിവേചനവുമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന് കോച്ച് ഫാക്ടറിക്ക് പിന്നാലെ എയിംസും നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇവിടത്തെ ജനങ്ങളോടുള്ള കടുത്ത അനീതിയും വിവേചനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിന് എയിംസ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് വാഗ്ദാന ലംഘനമാണ്. ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി ഉദ്ദേശിക്കുന്നതെങ്കില്‍ അത് സാങ്കേതിമായി ശരിയാണ്. പക്ഷേ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രിമാര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നതാണെന്നും ചെന്നിത്തല അറിയിച്ചു.

എയിംസിനായി യു.ഡി.എഫ് സര്‍ക്കാര്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ ഏത് സ്ഥലവും കേന്ദ്രത്തിന് തിരഞ്ഞെടുക്കാമായിരുന്നു. നേരത്തെ കോച്ച് ഫാക്ടറി ബഡ്ജറ്റില്‍ പ്രഖ്യാപിക്കുകയും സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയ്ക്ക് ഭൂമി കൈമാറുകയും അവിടെ തറക്കല്ലിടുകയും ചെയ്ത ശേഷമാണ് കേന്ദ്രം പദ്ധതി ഉപേക്ഷിച്ചത്. എയിംസിന്റെ കാര്യത്തിലാകട്ടെ ഇതൊന്നുമില്ലാതെ തന്നെ ഉപേക്ഷിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തിന് ഇതുവരെ എയിംസ് ആശുപ്രതി അനുവദിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Top