ഗാനം ജനങ്ങള്‍ നെഞ്ചിലേറ്റി കഴിഞ്ഞു,സത്യത്തില്‍ ഗാനത്തിന്റെ ഹിന്ദി പകര്‍പ്പ് കൂടി പുറത്തിറക്കാം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: “കേന്ദ്ര സര്‍ക്കാര്‍ അഴിമതി സര്‍ക്കാരെന്ന” ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാനം ജനങ്ങള്‍ നെഞ്ചിലേറ്റി കഴിഞ്ഞെന്നും സത്യത്തില്‍ ഗാനത്തിന്റെ ഹിന്ദി പകര്‍പ്പ് കൂടി പുറത്തിറക്കണമായിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു. ഗാനത്തിന്റെ പേരില്‍ കെ സുരേന്ദ്രന്‍ വിലപിച്ചിട്ട് കാര്യമില്ല. ബി.ജെ.പി നടത്തിയിട്ടുള്ള കുതിരക്കച്ചവടങ്ങളും അത് വഴി ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിച്ചതിന്റെ ലിസ്റ്റും പരിശോധിച്ചാല്‍ അഴിമതിപ്പണം എങ്ങോട്ട് പോയെന്ന് ബോധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്: കേന്ദ്ര സര്‍ക്കാര്‍ അഴിമതിസര്‍ക്കാരെന്ന ബി.ജെപി ഐ ടി സെല്ലിന്റെ ഗാനം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ യാത്രയിലെ സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ ഐടി സെല്ലിനെ അഭിനന്ദിക്കുന്നു. ഇതിന്റെ പേരില്‍ സുരേന്ദ്രന്‍ വിലപിച്ചിട്ട് കാര്യമില്ല. ബി. ജെ.പി നടത്തിയിട്ടുള്ള കുതിരക്കച്ചവടങ്ങളും അത് വഴി ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിച്ചതിന്റെ ലിസ്റ്റും പരിശോധിച്ചാല്‍ അഴിമതിപ്പണം എങ്ങോട്ട് പോയെന്ന് ബോധ്യമാകും. ഇത് കൂടാതെ കോടികള്‍ മുടക്കി ചാക്കിട്ട് പിടിച്ചവര്‍ എത്തരക്കാരെന്ന് സാധാജനങ്ങള്‍ക്ക് അറിയാം.

ഇലക്ട്രല്‍ ബോണ്ട് വഴി സമാഹരിച്ച കോടികളും ഇഷ്ടക്കാര്‍ക്ക് പദ്ധതികള്‍ വഴിവിട്ട് നല്‍കിയത് വഴിയുള്ള കോടികളും എത്രയെന്ന് ആര്‍ക്കാണ് അറിയാത്തത്. അവസാനം ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ പഞ്ചാബ് കോര്‍പ്പറേഷനില്‍ നടത്തിയ അട്ടിമറി പരമോന്നത കോടതി തടഞ്ഞപ്പോള്‍ എതിര്‍ഭാഗത്തെ മൂന്ന് കൗണ്‍സിലര്‍മാരെ വിലക്കെടുത്തതും അഴിമതിയല്ലാതെ മറ്റെന്താണ്? ജനാധിപത്യ രീതിയില്‍ വിജയിച്ച ബിഹാര്‍ മഹാരാഷ്ട്ര സര്‍ക്കാരുകളെ അട്ടിമറിയിലൂടെ സ്വന്തമാക്കാന്‍ വേണ്ടി ഒഴിക്കിയ കോടികള്‍ അഴിമതിപ്പണമല്ലാതെ മറ്റെന്താണ്? ഇതെല്ലാം ഓര്‍ത്ത് കൊണ്ട് പാവം ഐ .ടി സെല്‍ ഇറക്കിയ ഗാനം ജനങ്ങള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. സത്യത്തില്‍ ഈ ഗാനത്തിന്റെ ഹിന്ദി പകര്‍പ്പ് കൂടി പുറത്തിറക്കേണ്ടതായിരുന്നു.

Top