‘ഒരു നേതാവിനെയും ഭയപ്പെടേണ്ട; ഇപ്പോഴേ കുപ്പായം തയ്പ്പിക്കേണ്ടതില്ല’: ചെന്നിത്തല

തിരുവനന്തപുരം: പാർട്ടിക്ക് ഒരു പ്രവർത്തന രീതിയുണ്ടെന്നും എല്ലാവരും അതനുസരിച്ച് പ്രവർത്തിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായിരിക്കണം. ഒരു നേതാവിനെയും ഭയപ്പെടേണ്ടതില്ല. തരൂർ അടക്കം എല്ലാ നേതാക്കൾക്കും പാർട്ടിയിൽ ഇടമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ നേതാക്കൾക്കും പാർട്ടിയിൽ പ്രവർത്തിക്കാൻ സ്വതന്ത്ര്യമുണ്ട്. എന്നാൽ പാർട്ടി ചട്ടക്കൂടിൽ നിന്നു വേണം പ്രവർത്തിക്കേണ്ടത്. പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്. പാർട്ടിയിൽ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. വി ഡി സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

തരൂരിനെതിരായ വിവാദത്തിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാകാമെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്കും ചെന്നിത്തല മറുപടി നൽകി. എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വർഷം സമയമുണ്ട്. ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പരസ്യപ്രസ്താവന കെപിസിസി അധ്യക്ഷൻ വിലക്കിയിട്ടുള്ളതിനാൽ ഈ വിഷയത്തിൽ കൂടുതലൊന്നും പറയാനില്ല. മദ്യവില വർധിപ്പിച്ചതിന് പിന്നിൽ അഴിമതിയുണ്ട്. സിപിഎമ്മും മദ്യക്കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരമാണ് വില കൂട്ടിയത്. ഇന്ത്യൻ നിർമ്മിത മദ്യത്തിന് നികുതി ഒഴിവാക്കിയതിന്റെ നേട്ടം വൻകിട മദ്യനിർമ്മാതാക്കൾക്കാണ്.

വർഷങ്ങളായി മാറ്റിവെച്ച ഫയലിൽ ഇപ്പോൾ തീരുമാനമെടുത്തത് ഇതിന് തെളിവാണ്. ടിപി രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എംബി രാജേഷ് ചെയ്യുന്നു. ഇന്ത്യയിൽ മദ്യവില ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യക്കമ്പനികൾക്ക് നൽകിയ ആനുകൂല്യം പിൻവലിക്കണം. പാൽവില കൂട്ടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top