‘കെ കരുണാകരന്റെ മകളുടെ തീരുമാനം ദൗര്‍ഭാഗ്യകരം’; പത്മജയ്ക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. കെ കരുണാകരന്റെ മകളുടെ തീരുമാനം ദൗര്‍ഭാഗ്യകരം. പാര്‍ട്ടിയോട് ചെയ്യാന്‍ പാടില്ലാത്തതാണ് പത്മജ ചെയ്തത്. പത്മജ പോയത് കോണ്‍ഗ്രസിനെ ബാധിക്കില്ല. കോണ്‍ഗ്രസിന് ദോഷമുണ്ടാകുമെന്ന് കരുതുന്നവര്‍ക്ക് തെറ്റുപറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിന് ജീവന്‍ നല്‍കിയ നേതാവാണ് കെ കരുണാകരന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ നിരന്തരം പോരാടിയ വ്യക്തി. അദ്ദേഹത്തിന്റെ മകള്‍ക്ക് പാര്‍ട്ടി എല്ലാം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലേക്കും സംസ്ഥാന അസംബ്ലിയിലേക്കും മത്സരിച്ചു, കെപിസിസി സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം, ഐസിസി അംഗം തുടങ്ങി എല്ലമാക്കി. ഇതില്‍ കൂടുതല്‍ ഒരാള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് എന്താണ് നല്‍കാനുള്ളത്? ചെന്നിത്തല ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജയിക്കുമെന്ന് പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചതിനാലാണ് സീറ്റ് നല്‍കിയത്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി വിടുന്നത് ശരിയല്ല. ചെയ്തത് തെറ്റാണ്. പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അത് മുരളീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വടകരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ മുരളീധരന്‍ വിജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top