സ്വകാര്യ സര്‍വകലാശാല; മോദി എന്തുപറഞ്ഞാലും സിപിഐഎം ഇവിടെ നടപ്പാക്കുമോ?: ചെന്നിത്തല

തിരുവനന്തപുരം: സ്വകാര്യ വിദേശ സര്‍വകലാശാല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി രമേശ് ചെന്നിത്തല. 15 വര്‍ഷം മുന്‍പ് ഞങ്ങള്‍ സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ അത് അംഗീകരിക്കുന്നത്. അത് തുറന്നു പറയാന്‍ മടി എന്തിനാണ് എന്നും രമേശ് ചെന്നിത്തല ചോദിച്ചു. സത്യം സത്യമായി അംഗീകരിക്കാന്‍ തയ്യാറാകണം. വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് ഇവിടെ സൗകര്യമൊരുക്കി കൊടുക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്? ഇവര്‍ക്ക് ബുദ്ധി പതിനഞ്ചു വര്‍ഷം കഴിഞ്ഞേ ഉദിക്കുകയുള്ളൂ. കമ്പ്യൂട്ടറിന്റെ കാര്യത്തിലും ട്രാക്ടറിന്റെ കാര്യത്തിലും ഉദിച്ച ബുദ്ധി തന്നെയാണ് ഇപ്പോഴും ഉദിച്ചിരിക്കുന്നത്. ആളുകളെ കബളിപ്പിക്കുന്ന പരിപാടിയാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മോദി എന്തുപറഞ്ഞാലും സിപിഐഎം ഇവിടെ നടപ്പാക്കുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. വിദേശ സര്‍വകലാശാലകള്‍ കേന്ദ്ര നയത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും പ്രതികരിച്ചിരുന്നു. പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന ആവശ്യമുണ്ട്. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പറഞ്ഞതോടെയാണ് വിഷയം ചര്‍ച്ചയായത്.

കെഎസ്ഐഡിസിയുടെ ഓഫീസില്‍ എസ്എഫ്‌ഐഒ നടത്തുന്ന പരിശോധനയിലൂടെ വസ്തുതകള്‍ പുറത്തുവരട്ടെ എന്നും മേശ് ചെന്നിത്തല പ്രതികരിച്ചു. ഇടതുപക്ഷത്തിന്റെ ഡല്‍ഹി സമരം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധനകാര്യ മാനേജ്‌മെന്റ് നടത്തിയ പരാജയമാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സഹായം കിട്ടണം എന്നത് ഒരു കാര്യം മാത്രമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്താണ് നിലവിലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തുമ്പോഴാണ് സമരം ആരംഭിക്കുന്നത്. അതിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top