സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം എകെജി സെന്ററില്‍ ചേരുന്നത് ചട്ടലംഘനം; ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം എകെജി സെന്ററില്‍ വിളിച്ചത് ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ എന്നത് സര്‍ക്കാര്‍ ജീവനക്കാരാണ്. പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം എകെജി സെന്ററില്‍ ചേരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണം എകെജി സെന്ററിലേക്ക് മാറ്റിയ കാര്യം അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റാനുള്ള തീരുമാനത്തേയും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്ന് ചെന്നിത്തല ആരോപിച്ചു. നിയമസഭാ സമ്മേളനത്തില്‍ മാറ്റാനുള്ള തീരുമാനത്തില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ട്. പ്രതിപക്ഷം സര്‍ക്കാരിനെതിരെയും സ്പീക്കര്‍ക്കെതിരെയും അവിശ്വാസം കൊണ്ടുവരാനിരുന്നതാണ്. നിയമസഭ എന്ന് ചേര്‍ന്നാലും പ്രമേയം അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എന്നിരുന്നാലും സംസ്ഥാന മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്നു പ്രതിപക്ഷം പിറകോട്ട് പോവില്ല. ധാര്‍മികമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതിയിലും തീവെട്ടിക്കൊള്ളയും നടത്തുന്ന സര്‍ക്കാരിനെതിരായ പോരാട്ടം പ്രതിപക്ഷം ശക്തിയായി തുടരും

കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top