സ്വര്‍ണ്ണക്കടത്ത്; മുഖ്യമന്ത്രിയ്ക്ക് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ അപമാനിച്ച ആളുകള്‍ക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേസിലെ ഒന്നും രണ്ടും പ്രതിയുമായി ബന്ധമുണ്ട്. ഇനിയും എന്ത് തെളിവാണ് മുഖ്യമന്ത്രിയ്ക്ക് വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

എട്ട് മണിക്കൂറോളം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോള്‍ അങ്ങേക്ക് ഒരു ഉളുപ്പും തോന്നിയില്ലേ. അങ്ങയുടെ മന്ത്രിസഭയിലെ കെ.ടി ജലീലിന്റെ ഫോണ്‍കോള്‍ രേഖകള്‍ പുറത്തുവന്നു. അന്വേഷണത്തിന് മുമ്പ് മുഖ്യമന്ത്രി ജലീലിനും ക്ലീന്‍ ചീറ്റ് കൊടുത്തു. ഐടി വകുപ്പിലെ ഒരു ഫെലോയ്‌ക്കെതിരെയും തെളിവുകള്‍ വന്നുകഴിഞ്ഞു. എല്ലാവരെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മന്ത്രി കെടി ജലീലിന്റെ ജോലി കിറ്റുവാങ്ങലാണ്. കിറ്റു വാങ്ങാന്‍ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമുണ്ടോ? കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസ് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇത് സംസ്ഥാനത്തിന് നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു. പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി ജനങ്ങളെ മണ്ടന്മാരാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Top