പ്രതിപക്ഷ നേതാവ് എന്നു പറഞ്ഞാല്‍ എന്തും പറയാനുള്ള ലൈസന്‍സാണോ ?

പൊലീസില്‍ വലിയ കുഴപ്പമാണ് നടക്കുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ഖദറിന്റെ തുമ്പില്‍ പൊലീസിനെ കെട്ടിയിട്ട ഏര്‍പ്പാട് എന്തായാലും പിണറായി വിജയന്‍ ചെയ്തിട്ടില്ല. ചെന്നിത്തല ചെയ്തതു പോലെ പൊലീസിനെ സ്വന്തം നേട്ടത്തിനു വേണ്ടിയും മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. സ്വന്തം പാര്‍ട്ടി നേതാക്കളുടെ സംശയങ്ങള്‍ ദൂരീകരിച്ചിട്ട് വേണം പ്രതിപക്ഷ നേതാവ് പൊലീസ് ഭരണത്തെ വിമര്‍ശിക്കുവാന്‍.

യു.ഡി.എഫ് ഭരണകാലത്ത് എസ്.ഐ മുതല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വരെ എല്ലാ നിയമനങ്ങളും വ്യക്തി കേന്ദ്രീകൃതവും രാഷ്ട്രിയ പ്രേരിതവുമായിരുന്നു. എന്നാല്‍ ഇടതുപക്ഷ ഭരണത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നിയമനത്തില്‍ പോലും സി.പി.എം ഇടപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സുതാര്യമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നത്.

രാഷ്ട്രീയ ശുപാര്‍ശകള്‍ ഈ ഭരണത്തില്‍ എത്രമാത്രം ഉണ്ടെന്ന് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തലക്ക് തന്നെ അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്. പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ഉടനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ടി വന്നതും ചെന്നിത്തല മറന്നു പോകരുത്. പൊലീസിനെ സിപിഎം പാര്‍ട്ടി സേനയാക്കിയിരുന്നെങ്കില്‍ ഈ സംഭവം ഒരിക്കലും ഉണ്ടാകില്ലായിരുന്നു.

മുന്‍ ഇടതുപക്ഷ സര്‍ക്കാറുകളേക്കാള്‍ പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയ സര്‍ക്കാറാണിത്. അതുകൊണ്ടാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ സി.പി.എം ഓഫീസില്‍ കയറി നേതാക്കളെ അടക്കം മര്‍ദ്ദിച്ച യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ക്രമസമാധാന ചുമതലയില്‍ തുടരുന്നത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതു സംബന്ധിച്ച് ഏക പക്ഷീയമായ നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണ് ചെന്നിത്തലയുടെ മറ്റൊരു വാദം.

തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണിത്. യു.ഡി.എഫ് ഭരണകാലത്ത് ഐ.എ.എസുകാരെ പേടിച്ചാണ് കമ്മീഷണറേറ്റ് നടപ്പാക്കാതിരുന്നത്. നിങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ചങ്കുറപ്പുള്ളവര്‍ നടപ്പാക്കുമ്പോള്‍ എന്തിനാണിത്ര വിളറി പിടിക്കുന്നത് ? സി.പി.ഐക്കാര്‍ക്കുള്ള വിഷമം ഏറ്റുപിടിച്ച ചെന്നിത്തല, മുന്‍പ് ഛര്‍ദ്ദിച്ചതാണിപ്പാള്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നത്. ഇടതു ഘടക കക്ഷിയാണെങ്കിലും സി.പി.ഐ മറ്റൊരു പാര്‍ട്ടിയാണ്. സി.പി.എമ്മുമായി ഒരു അഭിപ്രായ ഭിന്നതയും ഇല്ലെങ്കില്‍ പിന്നെ രണ്ടു പാര്‍ട്ടിയായി നില്‍ക്കേണ്ട കാര്യം തന്നെ അവര്‍ക്കില്ലല്ലോ ?

സിപിഐ അവരുടെ അഭിപ്രായം പറയും അത് ആ പാര്‍ട്ടിയുടെ സ്വാതന്ത്ര്യമാണ്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും വരച്ച വരയില്‍ നിര്‍ത്തി കോണ്‍ഗ്രസിനെ കൊണ്ട് തീരുമാനമെടുപ്പിക്കുന്ന ഏര്‍പ്പാട് എന്തായാലും ഇടതുപക്ഷത്തില്ല. സി.പി.ഐക്ക് എന്നല്ല, ഇടതുപക്ഷത്തെ ഒരു ഘടകകക്ഷിക്കും സി.പി.എമ്മിനെ വിമര്‍ശിക്കാനുള്ള ധാര്‍മിക അവകാശവും ഇല്ല. കാരണം അവരുടെ നിലനില്‍പ്പു തന്നെ സി.പി.എം എന്ന പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ മാത്രമാണ്.

എന്നാല്‍ യു.ഡി.എഫിലെ സ്ഥിതി അതല്ല, ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പിണക്കിയാല്‍ പിന്നെ ഇവിടെ കോണ്‍ഗ്രസ് പച്ച തൊടില്ല. അക്കാര്യം ഉറപ്പാണ്. സകല ജാതി- മത ശക്തികള്‍ക്കു മുന്നിലും അടിയറവ് പറഞ്ഞ ചരിത്രമാണ് യു.ഡി.എഫിന് ഉള്ളത്. അതു കൊണ്ടാണ് എന്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങി രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിക്ക് മന്ത്രിയാക്കേണ്ടി വന്നത്. ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി തന്നെയാണ് ആഭ്യന്തര വകുപ്പും ചെന്നിത്തല പിടിച്ചു വാങ്ങിയത്.

പൊലീസ് മന്ത്രിയായപ്പോള്‍ ആ അധികാരം ചെന്നിത്തല എങ്ങനെയൊക്കെയാണ് ഉപയോഗിച്ചത് എന്നത് സോളാര്‍ നായിക തന്നെ മുന്‍പ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. കാര്യമെന്തായാലും അത്തരം രണ്ടാംകിട പരിപാടി പിണറായി വിജയന്‍ ഇതുവരെ കാട്ടിയിട്ടില്ല. പൊലീസിന് മുഖം നോക്കാതെ നടപടി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നിലവില്‍ കേരളത്തിലുണ്ട്. അതിന് അനവധി ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാനുണ്ട്. പിന്നെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ മൊത്തം കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കുന്നത് രാഷ്ടീയ പ്രേരിതമാണ്.

ഒരു സി.ഐ നാട് വിട്ടു പോയതിന് മുഖ്യമന്ത്രിയാണ് കാരണമെന്ന് പറയുന്നത് തന്നെ കഷ്ടമാണ്. പൊലീസ് സംവിധാനത്തിന്റെ വീഴ്ച മൂലമല്ല സി.ഐ നാട് വിട്ട് പോയതെന്ന്, ആരോപണം ഉന്നയിക്കുന്ന ചെന്നിത്തലയും മനസ്സിലാക്കണം. ഇപ്പോള്‍ ആ സി.ഐ തിരിച്ച് എത്തിയിട്ടുണ്ടല്ലോ ? അയാള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് വേണമായിരുന്നു അഭിപ്രായ പ്രകടനം.

സി.ഐക്കെതിരെ മേലുദ്യോഗസ്ഥന്‍ സ്വീകരിച്ച നിലപാട് തെറ്റാണെങ്കില്‍ വകുപ്പ് തല അന്വേഷണത്തിലൂടെയേ നടപടി സ്വീകരിക്കാന്‍ പറ്റൂ. അതിന് സി.ഐ നവാസിന്റെ മൊഴിയാണ് പ്രധാനം. മാധ്യമ വാര്‍ത്തകള്‍ മുന്‍നിര്‍ത്തിയോ, സി.ഐയുടെ ഭാര്യയുടെ വാക്കുകള്‍ കേട്ടോ മാത്രം ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയുകയില്ല. അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ തുടര്‍ നടപടി സാധ്യമാകൂ. അച്ചടക്കമുള്ള ഒരു ഉദ്യോഗസ്ഥനും ഭീരുവിനെ പോലെ ഒളിച്ചോടില്ല. പ്രത്യേകിച്ച് നവാസിനെ പോലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരമൊരു നീക്കം തികച്ചും അപ്രതീക്ഷിതം തന്നെയാണ്.

ശരിക്കും ഒറ്റപ്പെട്ട ഒരു സംഭവമാണിത്. ഇത് ചൂണ്ടിക്കാട്ടി പൊലീസ് ഭരണം മൊത്തം അവതാളത്തിലാണെന്ന് പറയുന്നത് തന്നെ വിഡ്ഢിത്തമാണ്. നാളെ ഒരു ഉദ്യോഗസ്ഥന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നത് മുന്‍കൂട്ടി കണ്ടെത്താനുള്ള ഒരു യന്ത്രവും പിണറായിയുടെ കയ്യിലില്ല എന്ന് ചെന്നിത്തല മനസ്സിലാക്കണം. ഇനി നിങ്ങളുടെ പക്കല്‍ ആ യന്ത്രമുണ്ടെങ്കില്‍ ദയവ് ചെയ്ത് അത് എത്തിച്ച് കൊടുക്കുക. അതിനു ശേഷമാകാം വിമര്‍ശനം. അതാണ് അന്തസ്സ്.

Political Reporter

Top