‘അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകുമോ?’ 

ഡൽഹി: ‘മൃദുഹിന്ദുത്വ’ത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ പിന്തുണച്ച് കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല. കാവിയുടുത്താലും കുറിതൊട്ടാലും ആരും ബിജെപി ആകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് എകെ ആന്റണിയുടെ പ്രസംഗമെന്നും ചെന്നിത്തല പറഞ്ഞു.

‘ഇന്ത്യയിൽ ഒട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണി പ്രസംഗിച്ചത്. അത് ശരിയായ നിലപാടാണ്. അതിൽ യാതൊരു തെറ്റുമില്ല. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ കാവിമുണ്ട് ഉടുത്താലോ ബിജെപി ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബിജെപി ആകുമോ? അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്- ചെന്നിത്തല പറഞ്ഞു.

‘മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻ തന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്’ എന്നായിരുന്നു എകെ ആന്റണിയുടെ പരാമർശം. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top