‘ആർഎസ്എസിനെയും നിരോധിക്കണം’; പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് ചെന്നിത്തല

മലപ്പുറം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വർഗീതയതെയും എതിർക്കണമെന്നും ആർഎസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വർഗീയത ആളിക്കത്തിക്കുന്നതിൽ ആർഎസ്എസും പോപ്പുലർ ഫ്രണ്ടും ഒരുപോലെ കുറ്റക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീതയും ഒരുപോലെ എതിർക്കണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. അതുപോലെ ആർഎസ്എസിനെയും നിരോധിക്കണം. കോൺഗ്രസ് പാർട്ടി എന്നും ഭൂരിപക്ഷ വർഗീയതെയും ന്യൂനപക്ഷ വർഗീയതെയും എതിർക്കുന്നവരാണെന്നും ചെന്നിത്തല വ്യക്തമാക്കി. വർഗീയ തീവ്രവാദം ആളിക്കത്തിച്ച് അധികാരത്തിലെത്തുന്ന എല്ലാ ശ്രമങ്ങളെയും കോൺഗ്രസ് എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആർഎസ്എസാണെന്ന് അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് പോപ്പുലർ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

Top