വൈകി വന്ന വിവേകത്തിന് നന്ദി; പരീക്ഷകള്‍ മാറ്റിവെച്ചതില്‍ പ്രതികരിച്ച് ചെന്നിത്തല

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും മാറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. അന്നും ഞങ്ങള്‍ പരീക്ഷകള്‍ നടത്തേണ്ട സാഹചര്യമല്ല മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ തയ്യാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം ഞങ്ങള്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞത്.എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, മെയ് 26-ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. കേന്ദ്രത്തിന്റെ ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. പരീക്ഷ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം ഒരു മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്തുവന്നശേഷം പുതിയ തീയതി തീരുമാനിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിനു പുറത്തുനിന്ന് എത്തുന്നവര്‍ക്കൊഴികെ സമ്പര്‍ക്കം മൂലമുള്ള കോവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടപോയത്.

Top