പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും സ്ത്രീകളെയും സ്ഥാനാര്‍ഥികളാക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും സ്ത്രീകളെയും സ്ഥാനാര്‍ത്ഥികളാക്കും. സ്പീക്കര്‍ക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചരിത്രമാണെന്നും സിഎജിക്കെതിരായ പ്രമേയത്തില്‍ കോടതിയെ സമീപിക്കണോയെന്ന് നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാടാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. പല കാര്യങ്ങളും സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സഭക്കകത്തും പുറത്തും പ്രതിപക്ഷം പോരാടി. ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുന്ന സിഎജിക്കെതിരായ പ്രമേയത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ടാണ് പ്രതിപക്ഷം സഭയില്‍ പ്രവര്‍ത്തിച്ചത്.

പ്രളയം, നിപ്പ, കൊവിഡ് എന്നീ ഘട്ടത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചു. പൗരത്വ നിയമത്തില്‍ സഭ വിളിച്ചു കൂട്ടണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. ലോക കേരള സഭ ധൂര്‍ത്തും പൊങ്ങച്ചവുമായപ്പോഴാണ് വിട്ടുനിന്നത്. സ്പീക്കറുടെ കസേര വലിച്ചിടാനോ തള്ളികയറാനോ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല. സ്പീക്കര്‍ക്കെതിരായ പ്രമേയം ചരിത്രമാണ്. പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

കേരള യാത്രയില്‍ ഷാഫി പറമ്പിലും ലതിക സുഭാഷും സ്ഥിരാംഗങ്ങളായിരിക്കും. ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കും. ബെന്നി ബെഹന്നാന്റെ നേതൃത്വത്തില്‍ അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യുറോയുമെല്ലാം ഒരാളായതുകൊണ്ടാണ് പിണറായി വിജയന് കോണ്‍ഗ്രസിനെ മനസിലാകാത്തത്. നേരത്തെയും നിരീക്ഷകരും ഉന്നതാധികാര സമിതിയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുണ്ട്. ഇത് നേരത്തെയും ഉന്നയിച്ച വിഷയമാണ്.

പ്രൊഫ കെ.വി.തോമസ് കോണ്‍ഗ്രസില്‍ തുടരും. അദ്ദേഹം ഉറച്ച കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന് ചില പ്രശ്‌നങ്ങളുണ്ട്. അത് ചര്‍ച്ച ചെയ്യും. ജനാധിപത്യ പാര്‍ട്ടിയില്‍ സ്വാഭാവികമാണ് ഇത്തരം കാര്യങ്ങളെന്നും ചെന്നിത്തല പറഞ്ഞു. നമ്മുടെ പാര്‍ട്ടി നേതാക്കളോട് മൈക്ക് നീട്ടുമ്പോള്‍ ചിലര്‍ ചിലത് പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. എംഎം ഹസന്‍ പ്രമുഖ നേതാവാണ്. അദ്ദേഹത്തെ ഒരിടത്തും തഴഞ്ഞിട്ടില്ല. പ്രകടനപത്രികയില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top