ധാര്‍മികത ഉണ്ടെങ്കില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി പദം ഒഴിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ധാര്‍മികത ഉണ്ടെങ്കില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി പദം ഒഴിയണമെന്ന് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ ബിനോയ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി ശ്രീജിത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും ബിനോയ് കോടിയേരിയുടെ മാതാവുമായ വിനോദിനി ബാലകൃഷ്ണന്‍ ചര്‍ച്ചകള്‍ക്കായി മുംബയിലെത്തിയിരുന്നു. തന്റെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകളെന്നും വിഷയത്തിന്റെ ഗൗരവം താന്‍ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.

എന്നാല്‍, താന്‍ പറഞ്ഞത് കോടിയേരി മുഖവിലയ്ക്കെടുത്തില്ലെന്നും ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതോടെ ബിനോയ്ക്കെതിരെ യുവതി നല്‍കിയ പീഡന പരാതി കൂടുതല്‍ ശക്തമായ കുരുക്കുകളിലേക്കാണ് നീങ്ങുന്നത്.

Top