Ramesh chennithala-KM Mani-Solar-scam-conflict

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിപദം ചെന്നിത്തലക്ക് മുള്‍ക്കിരീടമാകുന്നു. മികച്ച പൊലീസ് മന്ത്രിയെന്ന് പേരെടുത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള ചെന്നിത്തലയുടെ നീക്കമാണ് സ്വന്തം വകുപ്പിലെ കുരുക്കില്‍പ്പെട്ട് തകരുന്നത്.

സരിത-തമ്പാനൂര്‍ രവി ഫോണ്‍ സംഭാഷണം പുറത്തായിട്ടും ഗൂഢാലോചനക്ക് കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറാവാത്ത ആഭ്യന്തരവകുപ്പ് ബാര്‍ കോഴക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി സുകേശനെതിരെ അന്വേഷണം പ്രഖ്യാപിച്ചതാണ് തിരിച്ചടിച്ചത്. യുഡിഎഫ് ഘടകകക്ഷികളും രമേശ് ചെന്നിത്തലക്കെതിരെ കടുത്ത അമര്‍ഷത്തിലാണ്.

എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പൂഴ്ത്തിവെച്ചത് ആഭ്യന്തരമന്ത്രി ഇടപെട്ടാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം.

കെ എം മാണിക്കെതിരായ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ജോസഫ് എം പുതുശ്ശേരിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്.

ഇക്കാര്യത്തില്‍ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ കെ എം മാണിക്ക് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

കെ എം മാണിക്കെതിരായ സുകേശന്റെ റിപ്പോര്‍ട്ടിന് പിന്നില്‍ പോലും തുടക്കത്തില്‍ ആഭ്യന്തരവകുപ്പിന്റെ ഇടപെടലുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ബിജു രമേശ് 2 കോടി രമേശ് ചെന്നിത്തലക്കും 25 ലക്ഷം രൂപ ഐ ഗ്രൂപ്പിലെ തന്നെ മന്ത്രി വിഎസ് ശിവകുമാറിനും നല്‍കിയെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മാത്രമാണ് സുകേശനെതിരെ തിരിഞ്ഞതെന്നുമാണ് ആരോപണം.

ബിജു രമേശ്-സുകേശന്‍ സംഭാഷണം മുന്‍നിര്‍ത്തി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതോടെ യുഡിഎഫില്‍ ഒറ്റപ്പെടുകയാണ്.

ഇനി വീണ്ടും യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയായും ആഭ്യന്തരമന്ത്രിയായും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

കെപിസിസി പ്രസിഡന്റായിരിക്കെ 2 കോടി ചെന്നിത്തല വാങ്ങിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി അക്കൗണ്ടിലെത്തിയിട്ടില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെയും നിലപാട്.

ബാറുടമകള്‍ തമ്മിലുള്ള ‘സിഡി സംഭാഷണം’തെളിവല്ലെന്നും കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ വിജിലന്‍സ് സുകേശന്‍-ബിജു രമേശ്, സംഭാഷണം മാത്രം മുന്‍നിര്‍ത്തി അന്വേഷണത്തിനൊരുങ്ങുന്നതിന്റെ യുക്തിയും ഇതിനകം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരേ കേസില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുക വഴി വിജിലന്‍സിന്റെ ഉള്ള വിശ്വാസ്യതയും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ഇപ്പോഴത്തെ അവസരവാദ നിലപാടില്‍ വിജിലന്‍സിന് കോടതിയില്‍ നിന്ന് കനത്ത പ്രഹരമേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കോടതിയുടെ അനുവാദം വാങ്ങാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരായി നടത്തുന്ന അന്വേഷണത്തിന്റെ കാര്യമെന്താണെന്ന് കോടതി മുമ്പാകെ വിജിലന്‍സിന് വിശദീകരിക്കേണ്ടി വരും.

അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ കുരുക്കാനും പൊലീസ്-വിജിലന്‍സ് വകുപ്പുകളെ രമേശ് ചെന്നിത്തല ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപം ഐ ഗ്രൂപ്പിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നേതൃമാറ്റം മുന്നില്‍ കണ്ട് നടത്തിയ നീക്കങ്ങളുടെ ‘പരിണിതഫലമാണ്’ ഇപ്പോള്‍ ചെന്നിത്തല അനുഭവിക്കുന്നതെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

വരുംദിവസങ്ങളില്‍ ചെന്നിത്തലക്കെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പടപ്പുറപ്പാട് ശക്തമാവുമെന്നാണ് സൂചന.

Top