‘ബിജെപി അജണ്ട’ തിരിച്ചറിയാതെ മുഖ്യന്‍ ‘മൈ ഗവര്‍ണര്‍’ കളിക്കുന്നു, നിയമമന്ത്രിയോ ‘ആ കഷ്ടം’

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് മാറാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ നിലപാടില്‍ നിന്ന് മാറില്ലെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.

മുഖ്യമന്ത്രി തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറുകയും സ്വന്തം ജോലി ചെയ്യാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് പ്രമേയം അടക്കമുള്ള ആവശ്യങ്ങളുമായി മുന്നോട്ട് വന്നതെന്നാണ് ചെന്നിത്തലയുടെ വാദം. അതേസമയം നിയമസഭയുടെ അന്തസും കേരള ജനതയുടെ മാന്യതയും കാത്ത് സൂക്ഷിക്കാനാണ് താന്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ നിയമമന്ത്രി എകെ ബാലന്റെ പ്രസ്താവനയേയും ചെന്നിത്തല ആഞ്ഞടിച്ചു. സര്‍ക്കാരിനെയും ഗവര്‍ണറേയും പ്രതിപക്ഷം തമ്മിലടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന ബാലന്റെ പ്രതികരണത്തിനായിരുന്നു ചെന്നിത്തലയുടെ മറുപടി. അവരെ തമ്മിലടിപ്പിച്ചിട്ട് എന്ത് നേടാനാണെന്നെങ്കിലും എകെ ബാലന്‍ ഓര്‍ക്കണമെന്നും അതാണ് നിയമ മന്ത്രിയുടെ നിലപാടെങ്കില്‍ ‘ആ കഷ്ടം’! എന്ന് മാത്രമെ പറയാനുള്ളു എന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. മാത്രമല്ല, ഇവിടെ രാഷ്ട്രീയം കളിക്കുന്നത് ഇടത് മുന്നണിയും എകെ ബാലനുമാണെന്നും രമേശ് ചെന്നിത്തല മറുപടി നല്‍കി.

‘മൈ ഗവര്‍ണമെന്റ്’ എന്നാണ് ഗവര്‍ണര്‍ പറയുന്നത്. തിരിച്ച് ‘മൈ ഗവര്‍ണര്‍’ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരം സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ഫെഡറലിസത്തിന് വലിയ വെല്ലുവിളിയാണ് ബിജെപി അഴിച്ച് വിടുന്നത്. അതിന് ഗവര്‍ണര്‍മാരെ കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുകയാണ്. അതുകൊണ്ട് ഗവര്‍ണറുടെ നിലപാടിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. ബിജെപിയുടെ വന്‍ അജണ്ട തിരിച്ചറിയാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top