ramesh chennithala-kannur-CPI-BJP

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിങ്കളാഴ്ച സിപിഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കുഴച്ചാലില്‍ മോഹനനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് ബിജെപി പ്രവര്‍ത്തകന്‍ രമിത് കൊല്ലപ്പെട്ടത് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ശമിക്കുന്നില്ല എന്നതിന്റെ തെളിവാണ്. കണ്ണൂരില്‍ യുദ്ധ സമാനമായ സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവരും പരസ്പരം ആക്രമണങ്ങള്‍ നടത്തിയിരുന്നു. സ്ഥിഗതികള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പോലീസ് ഫലപ്രദമായി അക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല.

ചോരയ്ക്ക് ചോര എന്ന അവസ്ഥക്ക് മാറ്റമുണ്ടായേ മതിയാകൂ. അതിനായി സിപിഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം ഉടനടി ഇടപെട്ട് കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ രാഷ്ര്ടീയ കൊലപാതകങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്ക്കാരിനാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എട്ടാമത്തെ രാഷ്ര്ടീയ കൊലപാതകമാണ് കണ്ണൂരില്‍ നടക്കുന്നത്.

അണികളെ നിയന്ത്രിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകളാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ നടത്തുന്നത്. പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിച്ചതായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുമ്പോള്‍ യഥാര്‍ഥ പ്രതികളെ പിടികൂടുകയും അതിന് പ്രേരണ നല്‍കുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതോടെയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചത്. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നതോടെ സ്ഥിതി മാറി.

പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് വാടക പ്രതികളെ നിശ്ചയിക്കുന്ന അവസ്ഥ വീണ്ടും വന്നു. ഇത് കൊലയാളികള്‍ക്ക് യഥേഷ്ടം കൊല നടത്താന്‍ അവസരവും പ്രേരണയും നല്‍കി. ഇനിയെങ്കിലും പോലീസ് യഥാര്‍ഥ പ്രതികളെ പിടികൂടുകയും കര്‍ശന നടപടികള്‍ സ്വീകരിച്ചും കണ്ണൂരിനെ ശാന്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top