ചെന്നിത്തല പ്രധാന നേതാവെങ്കിലും, പാര്‍ട്ടി നിലപാട് താനും പ്രസിഡന്റും പറയുന്നതെന്ന് സതീശന്‍

VD Satheesan

കൊച്ചി: കോണ്‍ഗ്രസിന്റെ കൂട്ടായ നിലപാട് താനും കെപിസിസി പ്രസിഡന്റും പറയുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ചെന്നിത്തല കോണ്‍ഗ്രസിന്റെ പ്രധാന നേതാവാണെന്നും സതീശന്‍ പറഞ്ഞു. ഡി ലിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തില്‍ അഭിപ്രായവ്യത്യാസമെന്ന വാര്‍ത്തകളോടാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് വ്യക്തമാക്കി. വിസിയുടെ ചെവിയില്‍ പറയേണ്ടതല്ല നിയമന വിഷയങ്ങളെന്നും, ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിരാകരിച്ചെന്ന വാര്‍ത്തകള്‍ പരോക്ഷമായി ശരിവെക്കുകയാണ് ഗവര്‍ണര്‍ ഇന്ന് ചെയ്തത്. പൗരന്റെ കടമകള്‍ എടുത്തു വിവരിക്കുന്ന ഭരണഘടനയുടെ 51-എ അനുച്ഛേദം പറഞ്ഞാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയെ ആദരിക്കേണ്ട ബാധ്യത ഓര്‍മ്മിപ്പിച്ചത്.

രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കിയെന്ന കഴിഞ്ഞ ദിവസത്തെ സൂചനയും ഇന്നത്തെ കടമ ഓര്‍മ്മിപ്പിക്കലും ചെന്നിത്തല തുറന്നുവിട്ട വിവാദം പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഗവര്‍ണര്‍ സമ്മതിക്കുകയാണ്. ഡിലിറ്റ് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്ന വിമര്‍ശനങ്ങള്‍ തള്ളുന്ന ഗവര്‍ണര്‍ പരസ്യ ചര്‍ച്ചകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.

വാ പോയ കോടാലിയായ കെ സുരേന്ദ്രന്റെ മെഗഫോണ്‍ അല്ല പ്രതിപക്ഷമെന്നാണ് സതീശന്റെ പ്രതികരണം. തെറ്റ് പറ്റിയെന്ന് ഗവര്‍ണര്‍ പറഞ്ഞു, നിയമ വിരുദ്ധമാണെങ്കില്‍ വിസിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ ഇരുന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Top