സര്‍ക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല

Ramesh chennithala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നവോത്ഥാനത്തില്‍ കോണ്‍ഗ്രസിനുള്ളത്ര പങ്ക് മറ്റാര്‍ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ നവോത്ഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ലെന്നും സര്‍ക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒന്നിച്ചു ചേര്‍ന്ന് അക്രമപരമ്പരകള്‍ അഴിച്ചുവിട്ടുകൊണ്ട് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ ആര്‍.എസ്.എസും സിപിഐഎമ്മും ബിജെപിയും ശ്രമിക്കുകയാണ്. ഇതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ചെന്നിത്തല പറഞ്ഞു.

അര്‍ധരാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ധീരമായ നടപടിയാണെന്ന് പിണറായി കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും ബിജെപി ക്ഷീണിക്കുന്ന അവസ്ഥയിലെല്ലാം സിപിഐഎം ഓടിയെത്തി സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐഎം ആര്‍.എസ്.എസ് സംഘര്‍ഷം കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കകുയായിരുന്നു അദ്ദേഹം.

Top