മികച്ച മാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടമായത്; ബഷീറിന്റെ മരണത്തില്‍ അനുശോചിച്ച് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ മരണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഹമ്മദ് ബഷീറിന്റെ അപകട മരണം ഞെട്ടിച്ചെന്നാണ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്. മികച്ച മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്നും ബഷീറിന്റെ മരണം സൃഷ്ടിച്ച തീരാവേദനയില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്ക് ചേരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് സ്ഥിരീകരിച്ചു. ശ്രീറാമിനും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യുവ മാധ്യമ പ്രവർത്തകൻ കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണം ഞെട്ടിച്ചു. കഴിഞ്ഞ 30 നു യു.ഡി എഫ് യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ബഷീറിനെ കണ്ടിരുന്നു. വളരെ ചെറുപ്രായത്തിൽ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ച ബഷീർ ആത്മാർത്ഥത നിറഞ്ഞ ജോലിയിലൂടെ ബ്യുറോചീഫ് പദവി വരെ എത്തുകയായിരുന്നു.
മാധ്യമ രംഗത്തെ അർപ്പണ ബോധത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഈ പദവി.
നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി സമ്മാനിച്ച ആദരവ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബഷീർ വിടപറഞ്ഞത്.

ബഷീറിന്റെ അകാലത്തിലുള്ള വിയോഗത്തിലൂടെ മികച്ച മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. ബഷീറിന്റെ മരണം സൃഷ്‌ടിച്ച തീരാവേദനയിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.

Top