രാജമലയിലും കരിപ്പൂരും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവര്‍ക്കും രാജമലയിലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ കാലത്ത് മറ്റുള്ളവര്‍ക്കായി പ്രയത്‌നിക്കാന്‍ തയാറാകുന്നത് തന്നെയാണ് കേരളത്തിന്റെ ശക്തിയെന്നും ദുരന്തകാലത്തും ഇത്തരം അനുഭവങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദുരന്തത്തിന്റെ ആഘാതത്തിലും നാട്ടിൽ കൊറോണ പടരുന്ന ആശങ്കയിലും ദുരിതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി എല്ലാ സഹായവും ചെയ്യുന്ന ജനങ്ങളാണ് ഈ നാടിന്റെ നന്മ. രാജമലയിലും കരിപ്പൂരിലും ഇതാണ് കാണാനാകുന്നത്.

30 വര്‍ഷത്തെ പരിചയസമ്പത്തുള്ള പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയും കോ-പൈലറ്റ് അഖിലേഷ് കുമാറും സമയോചിതമായി പ്രവർത്തിച്ചതുകൊണ്ടാണ് വലിയ ഒരപകടം ഭാഗിമായെങ്കിലും ഒഴിവാക്കാൻ കഴിഞ്ഞത്. അതിന് അവർ പകരം നൽകിയത് സ്വന്തം ജീവൻ തന്നെയായിരുന്നു.

മുന്നിൽ വലിയൊരാപകടം കണ്ടപ്പോൾ ആദ്യം പകച്ചെങ്കിലും ഉടനെ തന്നെ സമനില വീണ്ടെടുത്ത് യാത്രക്കാരെ രക്ഷിക്കാൻ സന്മനസ് കാണിച്ച കരിപ്പൂർ നിവാസികളും പ്രശംസയർഹിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ മൂലമാണ് കുറേപേരെ ഉടനെ തന്നെ പുറത്തെടുത്ത് രക്ഷിക്കാൻ കഴിഞ്ഞത്. പോലീസിന്റെയും രക്ഷാപ്രവർത്തകരുടെയും കൂടെ ഒരു മുഴുവൻ രാത്രിയാണ് അവർ വിശ്രമമില്ലാതെ പ്രയത്നിച്ചത്.

സർവോപരി, അപകടത്തിൽ പെട്ടവർക്ക് രക്തദാനം ചെയ്യാനായി ഒരു കൂട്ടം ജനങ്ങൾ ഓടിവന്നതും ശ്രദ്ധ നേടുന്നു. കോവിഡിന്റെ കാലത്ത് മറ്റുള്ളവർക്കായി പ്രയത്നിക്കാൻ തയാറാകുന്നത് തന്നെയാണ് കേരളത്തിന്റെ ശക്തി. പെട്ടിമുടിയിൽ ദുരന്തം നടന്നു ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ സാധിച്ചത്. അതു വരെ എല്ലാ സഹായവും ചെയ്തത് ഇടമലക്കുടിയിൽ നിന്നുള്ള ജനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളുമാണ്.

ദുരന്തകാലത്തും ഇത്തരം അനുഭവങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏവർക്കും ആദരവോടെ പ്രണാമം

അന്തരിച്ചവർക്ക് ആദരാഞ്ജലികൾ

Top