പൊലീസിലെ അഴിമതി; മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൊലീസ് അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയം ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുന്നത് കള്ളനെ കാവലേല്‍പ്പിക്കുന്നതു പോലെയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് പൊലീസ് മേധാവിക്കായി പണം വകമാറ്റി ചിലവഴിച്ച് നിര്‍മിച്ച വില്ല സന്ദര്‍ശിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സിഎജി റിപ്പോര്‍ട്ടില്‍ ഏറ്റവും പ്രധാനമായി പറഞ്ഞിട്ടുള്ള കാര്യമാണ് എസ്‌ഐമാര്‍ക്കും എഎസ്‌ഐമാര്‍ക്കും ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള ഫണ്ട് ഡിജിപി വകമാറ്റി വില്ലകള്‍ നിര്‍മിക്കുന്നുവെന്നത്. ഇത് ഗുരുതരമായി നടപടിയാണ്. എസ്‌ഐമാര്‍ക്കും എഎസ്‌ഐമാര്‍ക്കും ആവശ്യത്തിന് ക്വാര്‍ട്ടേഴ്‌സ് ഇല്ലെന്നും ഡിജിപിയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി അറിയാതെ ഡിജിപി ഒന്നും ചെയ്യുകയില്ല. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Top