ഡല്‍ഹിയിലെ മലയാളികള്‍ക്കും സൗജന്യ റേഷനും ഭക്ഷ്യകിറ്റും നല്‍കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡല്‍ഹിയില്‍ റേഷന്‍കാര്‍ഡില്ലാത്ത മലയാളികള്‍ക്കും സൗജന്യ റേഷനും ഭക്ഷ്യ കിറ്റും നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ റേഷനും ഭക്ഷ്യകിറ്റും ഡല്‍ഹിയിലെ റേഷന്‍കാര്‍ഡില്ലാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്നുണ്ട്. കൊവിഡും ലോക്ക്ഡൗണും കാരണം ഇതില്‍ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെടുകയോ, പൂര്‍ണ്ണമായോ ഭാഗീകമായോ വേതനം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വരുമാന മാര്‍ഗ്ഗം അടഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഇവര്‍ പെട്ടുപോയിരിക്കുകയാണ്.

ഇതില്‍ മിക്കവര്‍ക്കും റേഷന്‍കാര്‍ഡില്ലാത്തതു കാരണം ഡല്‍ഹി സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ നല്‍കുന്ന ആശ്വാസ സഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ റേഷന്‍ കാര്‍ഡില്ലാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ദില്ലി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Top