തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളിയ ലോകായുക്ത വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം ഇല്ല എന്ന വിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് ചെന്നിത്തല പറഞ്ഞു.സര്‍ക്കാര്‍വിലാസ സംഘടനയായി ലോകായുക്ത അധപതിച്ചു. ഈ വിധി പ്രതീക്ഷിച്ചതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. പലപ്പോഴും ഹര്‍ജിക്കാരനെ മോശമായിട്ടാണ് വിമര്‍ശിച്ചത്.
ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുന്ന ലോകായുക്ത, കണ്ടെത്തല്‍ ഉണ്ടായിട്ടും സ്വജനപക്ഷപാതം ഉണ്ടായില്ലെന്ന വാദം മുന്‍നിര്‍ത്തി ഹര്‍ജി തള്ളിയത് വിചിത്രമാണ്.ഉദ്ദിഷ്ച കാര്യത്തിനുള്ള ഉപകാരസ്മരണയാണ് വിധിയെന്ന കാര്യത്തില്‍ സംശയമില്ല.മുഖ്യമന്ത്രിക്കെതിരായ കേസ് നിര്‍ണ്ണായകഅവസ്ഥയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി നല്‍കിയ അത്താഴ വിരുന്നില്‍ ജഡ്ജിമാര്‍ പങ്കെടുത്തപ്പോള്‍ത്തന്നെ കേസിന്റെ വിധി ഇത്തരത്തില്‍ത്തന്നെയാകുമെന്ന് അന്ന് താന്‍ പറഞ്ഞതാണ്.ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.










