ധനമന്ത്രി ഗുരുതര ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയിരിക്കുന്നത്;ചെന്നിത്തല

കൊച്ചി: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.

 

സി.എ.ജിയും കേന്ദ്ര ഏജന്‍സികളും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയാണെന്ന ആരോപണവുമായി തോമസ് ഐസക്ക് ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ഐസക്കിനെ ചെന്നിത്തല കടന്നാക്രമിച്ചത്. വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാനുള്ള ആയുധമായി സിഎജിയെ കേന്ദ്രം ഉപയോഗിക്കുന്നെന്നും കിഫ്ബിക്കെതിരേ ബി.ജെ.പിക്കാര്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍നാടനാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചിരുന്നു.

തോമസ് ഐസക്കിന്റെ ഈ പ്രസ്താവനക്കെതിരെയാണ് ചെന്നിത്തല പ്രതികരിച്ചത്. ധനമന്ത്രി ഏത് റിപ്പോർട്ടിനെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കണം. അടുത്ത കാലത്ത് ഒരു റിപ്പോർട്ടും നിയമസഭയിൽ വച്ചിട്ടില്ല. ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയത്. രാജ്യത്തെ നിയമം ബാധകമല്ല എന്ന രീതിയിൽ മന്ത്രിസഭ പ്രവർത്തിക്കുന്നു. നിയമസഭയിൽ വെക്കാത്ത റിപ്പോർട്ട്‌ ഇങ്ങനെ പുറത്തു വിടാൻ പറ്റില്ല. റിപ്പോർട്ട് ചോർത്തി വാർത്ത സമ്മേളനം നടത്തി. രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ടിന്റെ കരട് പുറത്തു വിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചു. ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

കിഫ്‌ബിയിൽ നടന്ന കൊള്ളകൾ കണ്ടെത്തിയത് കൊണ്ടാണ് ധനമന്ത്രിക്ക് ഹാലിളകിയത്. ഇതൊരു മുൻ‌കൂർ ജാമ്യം എടുക്കലാണ്. കിഫ്‌ബിയിലെ അഴിമതി പുറത്തു വന്നതിലെ ജാള്യത കൊണ്ടാണത്. ഈ സർക്കാരിന് ഓഡിറ്റിനെ ഭയമാണ്. കിഫ്‌ബിയിലേക്കുള്ള വരവും ചെലവും മന്ത്രിസഭയും സർക്കാരും അറിയില്ല. സിഎജി ഓഫീസുമായി കഴിഞ്ഞ നാല് വർഷം ബന്ധപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞത് കരട് സി.എ.ജി. റിപ്പോര്‍ട്ട് എന്നാണ്. ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തില്‍ വന്ന ഒരു മന്ത്രിക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത റിപ്പോര്‍ട്ട് എങ്ങനെ പരസ്യപ്പെടുത്താന്‍ കഴിയും? ഇത് ഗുരുതരമായ ചട്ടലംഘനവും നിയവിരുദ്ധവുമാണ്. നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്ന സി.എ.ജിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണം ശരിയല്ല. അഴിമതി മുഴുവൻ കണ്ടെത്തും. എല്ലാത്തിനും എണ്ണിയെണ്ണി മറുപടി പറയിക്കും. ഇഡിക്ക് എതിരായ സമരത്തിൽ നിന്നും പിന്മാറിയത് ഭീരുത്വം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Top