അസുഖം വന്നവരെ കുറ്റവാളികളായി കണ്ട് സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ വിലയിരുത്തുന്നില്ല. രോഗി ഒരു കുറ്റവാളിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം. ടെലഗ്രാഫ് ആക്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും പൗരന്റെ അടിസ്ഥാന അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗികളുടെ വിവരം ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, എന്തിനാണ് കേരള പൊലീസ് സിഡിആര്‍ ശേഖരിക്കുന്നത്. പൊലീസിന് ഇക്കാര്യത്തില്‍ സി ഡി ആര്‍ ശേഖരിക്കാനുള്ള അവകാശമില്ലെന്നും എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 21 ആം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അസുഖം വന്നവരെ കുറ്റവാളികളായി കണ്ട് സ്വകാര്യതയിലേക്ക് കടന്നു കയറരുത്. ചീഫ് സെക്രട്ടറി ഇതറിഞ്ഞതാണോ? മുഖ്യമന്ത്രി നിയമലംഘനത്തിന് നേതൃത്വം നല്‍കുകയാണ്. എത്ര നാളായി ഇത് നടക്കുന്നു, എത്ര പേരുടെ വിവരങ്ങള്‍ എടുത്തു, രോഗിയുടെ അനുമതി തേടിയോ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Top