ശബരിമല വിഷയം; കേന്ദ്രസര്‍ക്കാരാണ് നിയമനിര്‍മ്മാണം നടത്തേണ്ടതെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: തന്ത്രിമാരെ മന്ത്രിമാര്‍ ആക്ഷേപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ സംഭവിക്കുന്നതിന്റെ എല്ലാം ഉത്തരവാദി സര്‍ക്കാരാണെന്നും കേന്ദ്രസര്‍ക്കാരാണ് നിയമനിര്‍മ്മാണം നടത്തേണ്ടതെന്നും സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം ഓര്‍ഡിനന്‍സ് എന്ന നിലപാട് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎം വേലായുധന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീര്‍ത്ഥാടക വേഷത്തിലാണ് ഇവര്‍ ഇവിടെ എത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് നാലു സ്ത്രീകളെയാണ് സന്നിധാനത്ത് തടഞ്ഞത്. 46 വയസേയുള്ളൂവെന്ന് ആരോപിച്ച് ആന്ധ്രാ സ്വദേശിയായ ബാലമ്മ എന്ന സത്രീയെയും 50ല്‍ താഴെ പ്രായമുള്ള പുഷ്പലത എന്ന സത്രീയെയുമാണ് അവസാനമായി തടഞ്ഞത്. പ്രതിഷേധത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.

ശബരിമലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാവിലെയും ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ തിരിച്ചയിച്ചിരുന്നു.

ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് രാവിലെ ശബരിമലയില്‍ എത്തിയത്. ഇവര്‍ക്കും 50 വയസില്‍ താഴെയാണ് പ്രായം. തുടര്‍ന്ന് സ്ത്രീകളെ പൊലീസ് ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റിയിരുന്നു. പ്രതിഷേധം അറിയാതെയാണ് എത്തിയതെന്ന് സ്ത്രീകള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ കരുനാഗപ്പള്ളി സ്വദേശി മഞ്ജുവിനും മല കയറാന്‍ സാധിച്ചില്ല.കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് കഴിഞ്ഞ ദിവസം എത്തിയ മഞ്ജു. പതിനഞ്ച് കേസുകള്‍ മഞ്ജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഇവര്‍ക്ക് മല കയറാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമാണ് നിലനില്‍ക്കുന്നത്. പമ്പയില്‍ മഞ്ജുവിനെതിരെ സമരക്കാര്‍ നാമജമ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top