വിഢിത്തം വിളമ്പുന്നു; മകന്റെ സിവില്‍ സര്‍വീസ് ആരോപണത്തിന് മറുപടിയുമായി ചെന്നിത്തല

കൊച്ചി: തന്റെ മകന്റെ സിവില്‍ സര്‍വീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സിവില്‍ സര്‍വീസ് പരീക്ഷയുടെ നടപടി ക്രമങ്ങളേക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി ടോം ജോസിനോടോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസിനോടോ ചോദിച്ച് മനസിലാക്കേണ്ടിയിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു.

മന്ത്രിക്ക് ഈ വിഷയത്തേക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും അദ്ദേഹം എന്തു വിഢിത്തമാണ് വിളമ്പുന്നതെന്നും ചെന്നിത്ത ചോദിച്ചു. ഇത്തരം മണ്ടത്തരങ്ങള്‍ പറഞ്ഞാല്‍ പൊതുസമൂഹം ചിരിക്കുകയേ ഉള്ളുവെന്ന് പറഞ്ഞ ചെന്നിത്തല വീട്ടിലിരിക്കുന്ന മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് ശരിയായില്ലെന്നും പറഞ്ഞു. ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികള്‍ അവസാനിപ്പിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ജലീലിന്റെ വാദമുഖങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നില്‍ തെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

2017-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്കുണ്ടായിരുന്നു. എഴുത്തു പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ ദുരൈഷെട്ടി അനുദീപിനെക്കാള്‍ 122 മാര്‍ക്ക് കുറവായിരുന്നു രമിത്തിന്. എന്നാല്‍ അഭിമുഖ പരീക്ഷയില്‍ ഒന്നാം റാങ്കുകാരനെക്കാള്‍ 30 മാര്‍ക്ക് രമിത്തിന് കൂടുതല്‍ കിട്ടിയത് അന്വേഷണ വിധേയമാക്കണമെന്നാണ് മന്ത്രി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.

ചെന്നിത്തലയുടെ മകന്റെ പേര് പറയാതെ ഒന്നാം റാങ്കുകാരന്റെ പേര് പറഞ്ഞായിരുന്നു മന്ത്രിയുടെ ആരോപണം. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ എന്ന് മന്ത്രി പറഞ്ഞെങ്കിലും രമേശ് ചെന്നിത്തലയുടെയോ മകന്റെയോ പേര് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ല.

Top