Ramesh Chennithala aimed next CM position

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലെങ്കിലും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ ഹൈക്കമാന്റില്‍ കരുനീക്കിയ രമേശ് ചെന്നിത്തലക്ക് നിനച്ചിരിക്കാതെ തേടിയെത്തുന്നത് പ്രതിപക്ഷ നേതൃസ്ഥാനം. കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തില്‍ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതോടെയാണ് ചെന്നിത്തലക്ക് നറുക്കുവീണത്.

കാബിനറ്റ് റാങ്കോടെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ ചെന്നിത്തലയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. കെ.കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഇരുന്ന കസേരയിലാണ് ചെന്നിത്തല വരുന്നത്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കൈവിട്ടപ്പോള്‍ മന്ത്രിയാകാനായിരുന്നു ചെന്നിത്തലക്കു മോഹം. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം തര്‍ക്കത്തിലൊതുക്കി തടയാന്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും കിണഞ്ഞു ശ്രമിച്ചിരുന്നു. ആഭ്യന്തരവകുപ്പ് നല്‍കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പിടിവാശിയെ തോല്‍പ്പിച്ചാണ് സമ്മര്‍ദ്ദത്തിലൂടെ ചെന്നിത്തല ആഭ്യന്തരമന്ത്രിയായത്.

എന്നാല്‍ ഭരണത്തിന്റെ അവസാന മാസങ്ങളില്‍പോലും മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല കളിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ചു പലതവണ ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭരണമാറ്റം വേണമെന്ന ചെന്നിത്തലയുടെ ആവശ്യവും ഹൈക്കമാന്റ് തള്ളി.

ഇതോടെ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ മുഖ്യമന്ത്രിയാകാനുള്ള കളികളോടെയാണ് ചെന്നിത്തല മത്സരിച്ചത്. എന്നാല്‍ കനത്തതിരിച്ചടിയില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലയെ തേടിയെത്തുകയായിരുന്നു. ഈ സ്ഥാനം ഉപയോഗിച്ച് അടുത്ത അഞ്ച് വര്‍ഷവും പൊതുരാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന് ഭാവിയില്‍ മുഖ്യമന്ത്രിയാകാമെന്നാണ് കണക്ക്കൂട്ടല്‍.

Top