പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ കരുത്തു പകരുമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചത് കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തുപകരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബി ജെ പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ജനകീയ മുന്നേറ്റത്തിന് പ്രിയങ്കാ ഗാന്ധിയുടെ വരവ് ശക്തി പകരുമെന്നും രാഹുല്‍ഗാന്ധിയുടെയും, പ്രിയങ്കാ ഗാന്ധിയുടെയും ഒരുമിച്ചുള്ള നേതൃത്വം ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പുതിയ ആവേശവും, ഊര്‍ജ്ജവും നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ താഴെയിറക്കി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തെരഞ്ഞെടുപ്പ് വേദികളില്‍ പ്രചരണത്തിന് മാത്രമായാണ് എത്തിയിരുന്നത്.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതേസമയം, ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്ന് തന്നെയായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുക.

Top