ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സര്‍ക്കാര്‍ ഇത് പോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സര്‍ക്കാര്‍ ഇത് പോലെ വേറെ ഇല്ലന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരന്റെ തലയില്‍ അധികഭാരം വച്ച് കെട്ടുന്നെന്നും പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂര്‍ത്തിനും വിനിയോഗിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയചര്‍ച്ചയിലാണ് ചെന്നിത്തലയുടെ പരാമര്‍ശം.

നൂറ് വയസ്സുള്ള മുഖ്യമന്ത്രി വിഎസ് നടന്ന് കയറിയ ക്ലിഫ് ഹൗസില്‍ പിണറായി ലക്ഷങ്ങള്‍ മുടക്കി ലിഫ്റ്റ് വച്ചു. കരുണാകരന്‍ അസുഖ ബാധിതനായപ്പോഴാണ് ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം ഉണ്ടാക്കിയത്. അവിടെ പട്ടിയെ കുളിപ്പിക്കുമെന്നാണ് നയനാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

പിണറായി എന്തുകൊണ്ട് നായനാരുടെയും അച്യുതാനന്ദന്റെയും മാതൃകയില്‍ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നില്ലെന്നും അതിന്റെ കാരണം ഞങ്ങള്‍ക്ക് ഇന്നു മനസ്സിലായെന്നും ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല പറഞ്ഞു. നിങ്ങള്‍ തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്നും കേരളം നിങ്ങള്‍ കുളം തോണ്ടിയെന്നും ഭാവി തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

കേന്ദ്രത്തില്‍ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്ന ധനമന്ത്രിയുടെ ആരോപണത്തിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍ എംപിമാര്‍ സഹകരിക്കുമെന്നും എംപിമാരുടെ യോഗം മുഖ്യമന്ത്രി വിളിക്കുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. 19 എംപിമാര്‍ ജയിച്ച കാര്യം ഇത് വരെ നിങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും ബിജെപിക്കെതിരായ ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് എംപിമാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Top