കത്തയച്ചത് രാഹുലിന്റെ മാന്യത,അതിനെ ആരും ആയുധമാക്കാന്‍ നോക്കേണ്ട: ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ലോക കേരളസഭയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചത് അദ്ദേഹത്തിന്റെ മാന്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് വളച്ചൊടിച്ച് വിവാദമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

മാന്യത അനുസരിച്ച് രാഹുല്‍ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കേണ്ട.
പ്രവാസി മലയാളികളുടെ സംഭാവനകളെ കുറിച്ചാണ് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നത്. അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

“ലോക കേരള സഭയോട് അനുബന്ധിച്ച് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്ക് ഉള്‍പ്പെടെ കത്തയച്ചിരുന്നു. അതിനുള്ള മറുപടിക്കത്താണ് രാഹുല്‍ ഗാന്ധി ഡിസംബര്‍ 12-ന് അയച്ചത്. എന്നാല്‍ ഡിസംബര്‍ 20-നാണ് പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല”- അദ്ദേഹം വിശദമാക്കി.

ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ സംസ്ഥാനതലത്തില്‍ എടുത്ത തീരുമാനത്തില്‍ ഒരു തെറ്റും ഇല്ല. ഇത്തരം കാര്യങ്ങളെല്ലാം എഐസിസിയേയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന നിര്‍ബന്ധം ഇല്ല. തീരുമാനം സംസ്ഥാന ഘടകങ്ങള്‍ക്ക് കൈക്കൊള്ളാവുന്നതേ ഉള്ളു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് വന്‍ ധൂത്താണെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ ഒരു യുഡിഎഫുകാരനും പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top