മുഖ്യമന്ത്രിയെ പുകഴ്ത്തിയാല്‍ പരവതാനി വിരിയ്ക്കും, വിമര്‍ശിച്ചാല്‍ സൈബര്‍ ആക്രമണം; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള സിപിഎം സൈബര്‍ സഖാക്കളുടെ ആക്രമണത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയെ പുകഴ്ത്തിയാല്‍ പരവതാനി വിരിയ്ക്കും, എന്നാല്‍ വിമര്‍ശിച്ചാല്‍ സൈബര്‍ ആക്രമണമെന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന പെരുമാറ്റമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആളുകളോട് മാന്യമായി പെരുമാറിയത് പിണറായി വിജയന്‍ കണ്ടു പഠിക്കേണ്ടതാണെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണത്തിന് സൈബര്‍ ഗുണ്ടകള്‍ക്ക് ലൈസന്‍സ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നാണ്. എന്നിട്ടാണ് സൈബര്‍ ആക്രമണമല്ല സംവാദമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞാല്‍ ഇവരെ നിലയ്ക്കു നിര്‍ത്താം. എന്നാല്‍ ഇതിനൊക്കെ വളം വച്ചുകൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ട്രംപും മോദിയും പിണറായിയുമെല്ലാം ഒരേ ശൈലിയിലുള്ള ആള്‍ക്കാരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സിപിഎമ്മിനുള്ളില്‍ ക്രിമിനലൈസേഷന്‍ സ്വഭാവം വന്നത് ആരു പാര്‍ട്ടി സെക്രട്ടറിയായി വന്ന ശേഷമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ നിരവധി കൊലപാതകങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇടതു മുന്നണിക്ക് ജനവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന്റെ കേന്ദ്രമായി മാറി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് അതിശക്തമായ ബന്ധമാണ് ഉള്ളത്. ഇതൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല ചോദിച്ചു.

Top