ആന്റണിക്കല്ല പിണറായിക്കാണ് സ്ഥലജല വിഭ്രാന്തിയെന്ന് ചെന്നിത്തല

ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എ.കെ ആന്റണിക്കല്ല പിണറായിക്കാണ് സ്ഥലജല വിഭ്രാന്തിയെന്ന് ചെന്നിത്തല തുറന്നടിച്ചു. നരേന്ദ്ര മോദിയോടുള്ള ഭയം കൊണ്ട് പിണറായി വിനീത വിധേയനായിരിക്കുന്നു. കോടിയേരി ബി.ജെ.പിയുടെ പി.ആര്‍.ഒ ആണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബി.ജെ.പി ബാന്ധവം പരസ്യമായ രഹസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ചെങ്ങന്നൂരില്‍ നിന്ന് ബി.ജെ.പിയുടെ തകര്‍ച്ച ആരംഭിക്കും. കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി വോട്ടു പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.

ആന്റണിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ഒരിടത്തും ഭരണ നേട്ടം ഉയര്‍ത്തി പിടിക്കുന്നില്ല. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. പൊലീസില്‍ നിയന്ത്രണം നഷ്ടമായിരിക്കുന്നു. മോദിക്കെതിരെ വിമര്‍ശം പോയിട്ട് പേര് പോലും ഉച്ചരിക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നു. വാചകമടിയല്ലാതെ രണ്ട് വര്‍ഷം വികസന പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങള്‍ പറഞ്ഞ് പത്രത്തില്‍ പരസ്യം കൊടുത്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കുറക്കുമെന്ന് പറയുന്ന ധനമന്ത്രി ജനത്തെ ഭീഷണിപ്പെടുത്തുകയാണ്. വിലക്കയറ്റത്തില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാന, കേന്ദ്രനയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതും. ചെങ്ങന്നൂരിലെ ജനം ബി.ജെ.പിക്കും സി.പി.എമ്മിനും വോട്ട് ചെയ്യില്ല. വന്‍ പരാജയമാണ് എല്‍.ഡി.എഫിനെ കാത്തിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

Top