പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല

Ramesh chennithala

തിരുവനന്തപുരം: കേരള പൊലീസിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് കൈകാര്യം ചെയ്യാന്‍ പറ്റിയ വകുപ്പല്ല ആഭ്യന്തരമെന്നും പൊലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്ന വകുപ്പല്ല ആഭ്യന്തരമെന്ന് പിണറായി വിജയന്‍ ഓരോദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വരാപ്പുഴയിലെ ശ്രീജിത്തിനെ വീട്ടില്‍നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്ന വഴി അടിവയറ്റില്‍ തൊഴിച്ചെന്നു ശ്രീജിത്തിന്റെ അമ്മ പറയുന്നു. കുടിക്കാന്‍ തുള്ളിവെള്ളം പോലും കൊടുക്കാതെ ആ ചെറുപ്പക്കാരനെ പോലീസ് തല്ലികൊല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദലിത് ഹര്‍ത്താല്‍ പൊളിക്കാനായി ദളിത് സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യുക, മലപ്പുറത്ത് സാധാരണക്കാരുടെ തല തല്ലിപ്പൊളിക്കുക, കസ്റ്റഡിയിലെടുത്തവരെ മൃഗീയമായി തല്ലിക്കൊല്ലുക തുടങ്ങിയ പ്രവൃത്തികളാണു പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താലില്‍ പോലീസ് നോക്കിനില്‍ക്കെ സമരക്കാര്‍ സാധാരണക്കാര്‍ക്കു നേരെ അഴിഞ്ഞാടി. ദളിത് നേതാക്കന്‍മാരെ കരുതല്‍ തടങ്കലില്‍വച്ച പോലീസ് ബിജെപിക്കാര്‍ക്കുനേരെ കണ്ണടച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സാധാരണക്കാരെ അടിച്ചൊതുക്കാന്‍ ക്വട്ടേഷന്‍ എടുത്തപോലെയുള്ള പൊലീസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ് മന്ത്രിക്കു കഴിയുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Top