സ്‌പേയ്‌സ് കോണ്‍ക്ലേവിലും സ്വപ്‌ന, ഇനിയും അറിയില്ലെന്ന് മുഖ്യമന്ത്രി പറയരുത്‌: ചെന്നിത്തല

തിരുവനന്തപുരം: നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് പുറത്താക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്ന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥയല്ല., ഐടി വകുപ്പ് ഉദ്യോഗസ്ഥയല്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. അവര്‍ ഐടി വകുപ്പ് ജീവനക്കാരിയല്ല. പകരം മുഖ്യമന്ത്രിയുടെ കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ആണ് സ്വപ്ന ജോലി ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആസൂത്രകയും സ്വപ്ന സുരേഷ് ആയിരുന്നു. ഇന്‍വിറ്റേഷന്‍ അയച്ചതും അവരായിരുന്നു. ആദ്യമായി സംഘടിപ്പിക്കപ്പെട്ട കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകയെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോയെന്ന് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് വിട്ട് ചെന്നിത്തല ചോദിച്ചു.

അന്താരാഷ്ട്ര കള്ളക്കടത്തു കേസ് പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിച്ചു. സ്വപ്നക്ക് സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു എന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top