മാര്‍ക്ക് ദാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയിലേക്ക്

തിരുവനന്തപുരം: പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം മാര്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമനടപടിക്ക് ഒരുങ്ങുന്നു.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനുശേഷവും മോഡറേഷന്‍ നല്‍കാമെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിന്റെ വിശദീകരണം. ബിടെക് കോഴ്‌സില്‍ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതല്‍ അഞ്ചുവരെ മാര്‍ക്ക് കുറവുണ്ടെങ്കില്‍ മോഡറേഷന്‍ നല്‍കാമെന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സാബു തോമസും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ യൂണിവേഴ്‌സിറ്റി ആക്ടിലോ പരീക്ഷാ മാന്വലിലെയോ ഏതെങ്കിലും ഭാഗത്ത് സിന്‍ഡിക്കേറ്റിന് മാര്‍ക്ക് ദാനം ചെയ്യാനുള്ള അംഗീകരാമോ അധികാരമോ ഇല്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അംഗം ആര്‍എസ് ശശികുമാര്‍ പറഞ്ഞു.

ഇതിന് പിന്നാലെ, അദാലത്തിന് അധികാരമില്ലാത്തതിനാല്‍ മാര്‍ക്ക് കൂട്ടിനല്‍കാനുള്ള തീരുമാനം റദ്ദാക്കിയിരുന്നെന്ന് സിന്‍ഡിക്കേറ്റ്ംഗം പരസ്യമായി സമ്മതിച്ചിരുന്നു. പിന്നീട് സിന്‍ഡിക്കേറ്റില്‍ ഈ വിഷയം കൊണ്ടുവന്ന് വീഴ്ച പരിഹരിക്കുകയായിരുന്നുവെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. ഇത് വിവരാവകാശരേഖ പ്രകാരം നല്‍കിയ മറുപടിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ അതോറിറ്റിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇതിനിടെ മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരായ കെ എസ് യു മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Top