ആരോഗ്യമന്ത്രി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: കേരളത്തില്‍ പനി പ്രതിരോധം പരാജയമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ,ഷൈലജ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജനുവരിയില്‍ ആരംഭിക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മാര്‍ച്ചിലാണ്. പനികള്‍ ഏതെല്ലാം തരത്തിലുള്ളതാണ്, വൈറസുകള്‍ ഏതെല്ലാമാണ്, ഇവയുടെ സ്വഭാവങ്ങളില്‍ മാറ്റം വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു വിദഗ്ദ്ധ ടീമിനെ നിയോഗിച്ച് പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പനി ബാധിതരുടെ എണ്ണം പെരുകുമ്പോഴും സംസ്ഥാനത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല.

ആശുപത്രികളില്‍ പനി ബാധിച്ച് എത്തുന്നവര്‍ 10 മണിക്കൂര്‍ വരെ ക്യൂ നിന്നാണ് ചികിത്സ തേടുന്നത്. ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം നടപ്പാക്കിയിട്ടില്ല. ഡോക്ടര്‍മാര്‍ കുറവുള്ള പ്രദേശങ്ങളില്‍ താത്കാലിക ഡോക്ടര്‍മാരുടെ സേവനം നല്‍കാമെന്ന് വാഗ്ദാനവും സര്‍ക്കാര്‍ പാലിച്ചില്ല. തിരക്ക് കൂടുതലുള്ള ആശുപത്രികളില്‍ പ്രത്യേക പനി വാര്‍ഡ് ആരംഭിക്കാമെന്ന ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പനി മരണങ്ങള്‍ കൂടുമ്പോഴും പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. സര്‍ക്കാരിന്റെ കഴിവില്ലായ്മ കൊണ്ടാണ് പനി ഇത്രയും പടര്‍ന്നു പിടിച്ചത്. സാധാരണ ജനുവരി മാസത്തിലെ മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങുന്നതാണ്. എന്നാല്‍ മാര്‍ച്ചില്‍ പോലും ശുചീകരണം നടത്താതെ സര്‍ക്കാര്‍ അലംഭാവം കാണിച്ചതുകൊണ്ടാണ് സംസ്ഥാനത്ത് ഇത്രമാത്രം പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ മാത്രമേ സര്‍ക്കാരിന്റെ കൈവശമുള്ളൂ. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി പരിശോധിക്കാമെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് വേണ്ട നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും പനിക്ക് ചികിത്സ തേടി വരുന്നവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് പോലും ലഭ്യമാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top