12കാരിയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം വീണാ ജോര്‍ജിന്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: റാന്നിയില്‍ തെരുവ്‌ പട്ടിയുടെ കടിയേറ്റ പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ പ്രതിപക്ഷം. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ല.

കടിയേറ്റശേഷം മൂന്നു വാക്‌സിന്‍ എടുത്തിട്ടും ജീവന്‍ രക്ഷിക്കാനാവാഞ്ഞത് വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയം ജനിപ്പിക്കുന്നതാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ത്തന്നെ പേവിഷ വാക്‌സിന്റ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top