പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ നിന്ന് ശമ്പളം പിടിച്ചു വാങ്ങുന്നത് മുനുഷ്യത്വമില്ലായ്മ; ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ നിന്ന് പോലും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിച്ചു വാങ്ങുന്നത് മുനുഷ്യത്വമില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിര്‍ബന്ധിച്ച് ആരില്‍ നിന്നും ഒരു മാസത്തെ ശമ്പളം വാങ്ങുകയില്ലെന്ന് സര്‍ക്കാരും മന്ത്രിമാരും ആവര്‍ത്തിച്ച് പറുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നിര്‍ബന്ധപിരിവില്‍ നിന്ന് പ്രളയ ബാധിതരെ പോലും ഒഴിവാക്കിയിട്ടില്ല എന്നതാണ് ദുഖകരമായ കാര്യം. രാത്രിയില്‍ അപ്രതീക്ഷിതമായി വീട്ടില്‍ വെള്ളം കയറിയപ്പോള്‍ എല്ലാം ഉപേക്ഷിച്ച് ജീവന്‍മാത്രം കൈയ്യല്‍പിടിച്ച് ഓടിയവരില്‍ നിന്ന് പോലും ഈ നിര്‍ബന്ധിത പരിവ് നടത്തുകയാണ്. വസ്ത്രങ്ങളും കിടക്കയും ഉള്‍പ്പടെ എല്ലാം നശിച്ചവരാണിവര്‍. വീടു കഴുകി വൃത്തിയാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ല. മാസത്തവണയായി തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ അത്യാവശ്യ വീട്ടു സാധനങ്ങള്‍ വാങ്ങി ജീവിതം പച്ച പിടിപ്പിച്ചു തുടങ്ങിയപ്പോഴാണ് സാലറി ചലഞ്ചായി അടുത്ത ദുരിതമെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ നിര്‍വാഹമില്ലെന്ന് എഴുതി കൊടുത്തവരെ ജീവനക്കാരുടെ ഭരണപക്ഷ യൂണിയന്‍ നേതാക്കള്‍ നേരിട്ടു ചെന്ന് ഭീഷണിപ്പെടുത്തി വിസമ്മത പത്രം തിരിച്ചു വാങ്ങിക്കുകയാണ്. ഒട്ടെറെ പരാതികളാണ് ഇത് സംബന്ധിച്ച് കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രളയത്തിനിരയായവരെയെങ്കിലും നിര്‍ബന്ധിത പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top