ജയരാജനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികം: രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ഇ.പി ജയരാജന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജയരാജനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം.

ഇ.പി.ജയരാജന്‍ നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണെന്നും ചെന്നിത്തല ആരോപിച്ചു. ജയരാജനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സി.പി.എം കേന്ദ്ര കമ്മിറ്റി ഇ.പി.ജയരാജനെയും പി.കെ.ശ്രീമതി ടീച്ചറെയും താക്കീത് ചെയ്തതുമാണ്. മാത്രമല്ല ഇ.പി.ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് സമ്മതിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണ് ഇപ്പോഴത്തെ ഭാഷ്യം. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരനായി കണ്ടെത്തിയയാള്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായി ,വിജിലന്‍സ് എന്ന സാധനം ഇപ്പോള്‍ ഉണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയതോടെ എല്ലാ കേസുകളും എഴുതിത്തള്ളുകയാണ് ചെയ്തത്. കേസുകള്‍ അട്ടിമറിക്കുന്ന ഏജന്‍സിയായി വിജിലന്‍സ് മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് നടത്താന്‍ സി.പി.എമ്മില്‍ ധാരണയായിരുന്നു. കര്‍ക്കിടകം കഴിഞ്ഞിട്ട് മതി മന്ത്രിയായി സത്യപ്രതിജ്ഞ എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്.

അതേസമയം, നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇ.പിയുടെ മന്ത്രിസ്ഥാനത്തേക്കുറിച്ചു വ്യക്തത വരുമെന്ന് സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഈ മാസം പത്തൊമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനു മുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണ് ധൃതഗതിയിലുള്ള നീക്കങ്ങള്‍.

ജയരാജന്‍കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. സ്വാഭാവികമായി അവകാശവാദം ഉന്നയിക്കുന്ന സി.പി.ഐക്ക് കാബിനറ്റ് പദവി നല്‍കാമെന്ന് ഇരുനേതൃത്വങ്ങളും ധാരണയായിട്ടുണ്ടെന്നാണ് സൂചന. വ്യവസായം ഇ.പിക്ക് നല്‍കിയാല്‍ മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും ചെറിയതോതിലുള്ള അഴിച്ചുപണിയുണ്ടാകും. തിങ്കളാഴ്ച ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗികപ്രഖ്യാപനം.

Top