മോഹന്‍ലാല്‍ അങ്ങനെയാരു മണ്ടത്തരം കാണിക്കില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിന്റെ പ്രളയാനന്തരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനാണു മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്നു കരുതാന്‍ വയ്യ’ ചെന്നിത്തല പറഞ്ഞു. അതേസമയം ബിജെപിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

അതേസമയം, മോഹന്‍ലാല്‍ ബിജെപിയിലേക്ക് എത്തുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. നിലവില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

Top